അമേരിക്കയെ തകർത്തു തരിപ്പണമാക്കി കൊറോണ; തകർച്ചയെപ്പറ്റി മിണ്ടരുതെന്ന സ്‌റ്റേറ്റുകളോട് ട്രംപ് ഭരണകൂടം: ഈസ്റ്റര്‍ ആഘോഷിക്കാന്‍ നിരോധനം മാറ്റാനൊരുങ്ങി ട്രംപ്

single-img
27 March 2020

കൊറോണ അമേരിക്കയെ തകർക്കുന്നു. വെെറസ് ബാധയെ തുടര്‍ന്ന് പൂര്‍ണ്ണമായ അടച്ചുപൂട്ടലിലേക്ക് രാജ്യം മുഴുവന്‍ നീങ്ങിയിട്ടില്ലെങ്കിലും രോഗപ്രതിരോധത്തിനായി വരുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അമേരിക്കയുടെ സാമ്പത്തീകരംഗത്തെ മോശമായി ബാധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസിനെ തുടര്‍ന്ന് തൊഴിലില്ലായ്മ 3.3 ദശലക്ഷമായി മാറിക്കഴിഞ്ഞുവെന്നാണ് സൂചനകൾ. ഇതുവരെയുള്ള റെക്കോഡ് മറികടന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. 

38 വര്‍ഷം മുമ്പ് 1982 ഒക്‌ടോബറില്‍ റിപ്പോര്‍ട്ട് ചെയ്ത തൊഴിലില്ലായ്മയുടെ 695,000 എന്ന റെക്കോഡും തകര്‍ത്ത് മുന്നേറുകയാണ് നിലവിലെ സ്ഥിതി. മഹാരോഗത്തെ തുടര്‍ന്ന് നേരത്തേ തന്നെ വിദഗ്ദ്ധര്‍ പ്രഖ്യാപിച്ച ഈ തൊഴിലില്ലായ്മയെ തുടര്‍ന്ന് തൊഴിലില്ലായ്മ ക്ഷേമത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം 3.28 ദശലക്ഷാേയി ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞയാഴ്ച ഇത് 281,000 ആയിരുന്നു. 1982 ഒക്‌ടോബര്‍ 2 ല്‍ ഇത് 695,000 പേരായിരുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് രാജ്യത്തുടനീളമുള്ള സ്‌റ്റേറ്റുകളില്‍ ബിസിനസുകളും കമ്പനികളുമെല്ലാം സാമ്പത്തീക പ്രതിസന്ധിയിലാക്കിയെന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവില്‍ അമേരിക്കയുടെ എല്ലാ സ്‌റ്റേറ്റുകളിലേക്കും കൊറോണാവൈറസ് പടര്‍ന്നിട്ടുണ്ട്. രോഗ പ്രതിരോധ നിയന്ത്രണങ്ങള്‍ ഭക്ഷണസേവനങ്ങള്‍, ആരോഗ്യമേഖല, സാമൂഹ്യ സേവനങ്ങള്‍, കല, വിനോദം, ഗതാഗതം, പൊതുവിതരണ ശൃംഖല, നിര്‍മ്മാണ വ്യവസായങ്ങള്‍ എന്നിവയെയെല്ലാം സാരമായി ബാധിച്ചിരിക്കുകയാണ്. 

സാമ്പത്തീക പ്രതിസന്ധിയുടെ കാലത്ത് ഒഴികെ ഒരിക്കലും അമേരിക്ക ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോയിട്ടില്ലെന്നാണ് പണിയില്ലാതായവര്‍ പറയുന്നത്. അമേരിക്കയില്‍ ഉടനീളം അടച്ചുപൂട്ടല്‍ വന്നതോടെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ തൊഴിലില്ലായ്മാ ക്ഷേമത്തിനായി അപേക്ഷകര്‍ കൂടി. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ പുറത്തുവിട്ടതിന് പിന്നാലെ സ്‌റ്റേറ്റുകള്‍ തൊഴിലില്ലായ്മയുടെ ദിവസ കണക്കുകള്‍ പുറത്തുവിടുന്നത് ട്രംപ് ഭരണകൂടം വിലക്കി. കണക്ക് പുറത്തുവിട്ട ഒഹിയോ, സൗത്ത് കരോലിന സ്‌റ്റേറ്റുകള്‍ക്ക് മെമ്മോ നല്‍കിയിട്ടുണ്ടെന്നുള്ളതും കൗതുകകരമാണ്. 

80,000 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അമേരിക്കയില്‍ 1000 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം പടര്‍ന്നു പിടിക്കുമ്പോഴും മരണം കാണുകയും ചെയ്യുമ്പോള്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ താല്‍ക്കാലികമായി നിരോധനം എടുത്തുമാറ്റാന്‍ ഒരുങ്ങുകയാണ് ട്രംപ്.