പുകവലിക്കാർ സൂക്ഷിക്കുക: നിങ്ങളെ ചിലപ്പോൾ കൊറോണ പിടികൂടിയേക്കാം

single-img
27 March 2020

കോവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത പുകവലിക്കുന്നവരില്‍  കൂടുതലാണെന്നു വിദഗ്ധര്‍. ഈ വിഷയ്ത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ലെങ്കിലും ചെെനയിലെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനയില്‍ കോവിഡ് രോഗം ബാധിച്ചവരില്‍ പുകവലിക്കുന്നവര്‍ ഗുരുതരാവസ്ഥയിലായിരുന്നെന്ന് റോചസ്റ്ററിലെ മയോ ക്ലിനിക് നികോട്ടിന്‍ ഡിപ്പെന്‍ഡന്‍സ് സെന്റര്‍ ഡയറക്ടര്‍ ജെ. ടെയ്‌ലര്‍ ഹെയ്‌സ് വ്യക്തമാക്കി. 

സിഗരറ്റ് വലിക്കുമ്പോള്‍ ഓരോ തവണവും കൈ വായോടു ചേര്‍ത്തു പിടിക്കേണ്ടി വരുന്നതിനാല്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണു സംഘടനയുടെ നിഗമനം. പുകവലിക്കാരെ കോവിഡ് വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. പുകയില നിറച്ച പൈപ്പുകളും കുഴലുകളും പങ്കുവയ്ക്കുന്ന ശീലം ചില രാജ്യങ്ങളിലുണ്ട്. ഇതും രോഗാണു പകരാന്‍ കാരണമാകുമെന്നും വിദഗ്ദർ പറയുന്നു. 

പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവയിരിക്കും. ന്യൂമോണിയ പോലെയുള്ള രോഗം ബാധിച്ചാല്‍ ശ്വാസതടസ്സ സാധ്യത ഏറെയാണ്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഫെബ്രുവരിയില്‍ ഇതു സംബന്ധിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ചൈനയില്‍ രോഗം ബാധിച്ച 1,099 പേരിലാണ് ഇവര്‍ പഠനം നടത്തിയത്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിച്ച 173 പേരില്‍ 16.9 ശതമാനവും പുകവലിക്കുന്നവരാണ്. 5.2 ശതമാനം പേര്‍ മുന്‍പു പുകവലിച്ചവരും. 

ഗുരുതരമല്ലെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മറ്റുള്ളവരില്‍ 11.8 ശതമാനം പേര്‍ സ്ഥിരമായി പുകവലിക്കുന്നവരും 1.3 ശതമാനം മുന്‍പു പുകവലിച്ചവരുമായിരുന്നു. വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു പിന്നീടു മരിച്ചതില്‍ 25.5 ശതമാനം പേര്‍ പുകവലിക്കാരാണ്. 

ദക്ഷിണ കൊറിയയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രോം) പടര്‍ന്നപ്പോള്‍ കുറഞ്ഞ അളവില്‍ പുകവലിക്കുന്നവര്‍ രോഗത്തെ അതിജീവിക്കുമെന്നായിരുന്നു പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. പുകവലിക്കുന്നവരില്‍ ഡിപിപി 4 എന്ന പ്രോട്ടീന്റെ അളവ് ഏറെ അധികമായിരിക്കും. ഇതു ശ്വാസകോശത്തിലെ കോശങ്ങളിലേക്കു മെര്‍സ് വൈറസ് പ്രവേശിക്കുന്നതിന് ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സാര്‍സ് കോവ് 2 മനുഷ്യരുടെ ശരീര കോശത്തിനു മുകളിലെ പ്രോട്ടിനായ എസിഇ 2നെ തിരിച്ചറിഞ്ഞ് അതിനോടു പറ്റിച്ചേരുകയാണു ചെയ്യുന്നത്. പുകവലിക്കുന്നവരുടെ ശ്വസനേന്ദ്രിയ കോശങ്ങളില്‍ എസിഇ 2 ന്റെ അളവ് കൂടുതലായിരിക്കും. ഇതു രോഗം ബാധിച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു നയിക്കും. പുകവലിക്കാരുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ നേരത്തേയുള്ളതിനാല്‍ കോവിഡ് 19 രോഗം ബാധിക്കുന്നതോടെ സ്ഥിതി വഷളാകുകയും ചെയ്യുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.