ചെെനീസ് വെെറസ് അമേരിക്കൻ വെെറസായി: കൊറോണയുടെ പുതിയ പ്രഭവ കേന്ദ്രമായി ലോകാരോഗ്യ സംഘടന അമേരിക്കയെ പ്രഖ്യാപിച്ചേക്കും

single-img
27 March 2020

കൊറോണ വൈറസ് ബാധ അമേരിക്കയിൽ പിടിമുറുക്കുന്നു. ലോകം മുഴുവന്‍ സ്ഥിതി അതീവ രൂക്ഷമാകുന്നതിനിടയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെ അമേരിക്ക മറികടന്നു. 24 മണിക്കൂറിനിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 16,843 കേസുകളാണ്. ഇതോടെ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയേയും മറികടന്ന് അമേരിക്ക ഒന്നാമതെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞദിവസം മാത്രം മരിച്ചത് 266 പേരാണ്. ആകെ മരണസംഖ്യ 1209 ആയി.  ഇതിനകം 82,404 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 81,782 ആയിരുന്നു. ചൈനയ്ക്ക് പിന്നാലെ 80589 ആളുകളുമായി ഇറ്റലിയാണ് നില്‍ക്കുന്നത്. ഞെട്ടിക്കുന്ന മരണസംഖ്യയാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

രോഗം ബാധിച്ച 1100 പേരാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. എന്നാൽ തങ്ങളുടെ രാജ്യത്താണ് കൊറോണ രോഗബാധിതർ ഏറ്റവും കൂടുതൽ ഉള്ളതെന്ന് അമേരിക്ക സമ്മതിക്കുന്നില്ലെന്നുള്ളതാണ് രസകരം. രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നല്ലോ എന്ന ചോദ്യത്തിന് ചൈനയിലെ രോഗികളുടെ കണക്ക് കൃത്യമായി ആര്‍ക്ക് അറിയാം എന്നായിരുന്നു ട്രംപി​ന്റെ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി സംസാരിച്ചാലേ ഇക്കാര്യം അറിയൂ എന്നും അദ്ദേഹം പറഞ്ഞു. 

നേരത്തേ കൊറോണയെ ചൈനാ വൈറസ് എന്നാക്ഷേപിച്ചിരുന്ന ട്രംപ് ഈ പ്രയോഗം ഇപ്പോള്‍ നടത്താത്തത് ചൈനീസ് പ്രസിഡൻ്റ് നടത്തിയ മുന്നറിയിപ്പിനെ തുടര്‍ന്നാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളുകയും ചെയ്തു. അമേരിക്കയില്‍ രോഗികളുടെ എണ്ണം കൂടിയതോടെ ചൈനയെ പരിഹസിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയ ‘ചൈനാ വൈറസ്’ പരാമര്‍ശം ‘അമേരിക്കന്‍ വൈറസാ’ യി മാറുമെന്ന പരിഹാസവുമായി എത്തിയിരിക്കുകയാണ് വിമര്‍ശകര്‍. രോഗത്തിന്റെ പുതിയ പ്രഭവകേന്ദ്രമായി അമേരിക്കയെ ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂയോര്‍ക്കില്‍ ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 88 പുതിയ മരണങ്ങളാണ്. 42 സ്‌റ്റേറ്റുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. രാജ്യത്തുടനീളം സാമൂഹ്യ വ്യാപനമായി രോഗം മാറുമോ എന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുണ്ട്. മരണമടഞ്ഞവരില്‍ 65 ശതമാനവും 70 ന് മുകളിലുള്ളവരും 40 ശതമാനം 80 ന് മുകളില്‍ ഉള്ളവരുമാണ്. 40 ലോ അതില്‍ താഴെയോ പ്രായത്തില്‍ മരിച്ചവരുടെ ശതമാനം വെറും അഞ്ചാണ്. രോഗികളില്‍ 60 ശതമാനവും പുരുഷന്മാരാണെന്നും വിവരമുണ്ട്.

രോഗികളുടെ എണ്ണം കൂടുമ്പോഴും നിയന്ത്രണങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് രാജ്യത്തിന് സാധാരണ നിലയിലേക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈസ്റ്റര്‍ ദിനം തൊട്ടടുത്ത് നില്‍ക്കെ രാജ്യത്തെ നിയന്ത്രണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്.