ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു

single-img
27 March 2020

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറായി തനിക്ക് ചെറിയ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ തനിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി ബോറിസ് ജോൺസൺ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇദ്ദേഹത്തിന് കൊറോണയുണ്ടോ എന്ന് ടെസ്റ്റ് ചെയ്തത്. ഡൌണിംഗ് സ്ട്രീറ്റിലെ വസതിയിലാണ് ഇദ്ദേഹം ഐസൊലേഷനിൽ കഴിയുക.

രോഗമുള്ളതിനാൽ താൻ സ്വയം ഐസൊലേഷനിൽ പോകുകയാണെന്നും അതേസമയം സർക്കാ‍രിന്റെ പ്രവർത്തനങ്ങളെ താൻ വീഡിയോ കോൺഫറൻസിംഗ് വഴി ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

56 വയസുള്ള ബോറിസ് ജോൺസൺ ബ്രിട്ടീഷ് കൺസർവേറ്റിവ് പാർട്ടിയുടെ നേതാവാണ്.