കീഴടങ്ങാൻ കൂട്ടാക്കാതെ കൊറോണ, മരണം 21,000 കടന്നു : ഇറ്റലിയിൽ ചൈനയുടെ ഇരട്ടിയിലേറെ: യുഎസിൽ സൈന്യം രംഗത്ത്

single-img
26 March 2020

ബെയ്ജിങ്: ചൈനയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്- 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്.

കോവിഡ് നിയന്ത്രണാതീതമായി പടരുന്ന യൂറോപ്പിൽ, സ്പെയിനിൽ മരണം ചൈനയിലെക്കാൾ കൂടുതലായി. ഇറ്റലിയിലെ ജീവനാശം ചൈനയുടേതിന്റെ ഇരട്ടിയിലധികമായി. ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും യുഎസിലും സ്ഥിതി ആശാവഹമല്ല. മാലിയിലും ആദ്യമായി രോഗം സ്ഥിരീകരിച്ചതോടെ ലോകമാകെ 194 രാജ്യങ്ങളിൽ കോവിഡ് എത്തി.

ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ കോവിഡ് 19ന്‍റെ ശ്രദ്ധാകേന്ദ്രമായി അമേരിക്ക മാറുന്നു. ഇന്നലെ പതിനായിരത്തി തൊള്ളായിരത്തി നാല്‍പത്തിയൊന്ന് പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം രോഗികളെ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. ഇതുവരെ 935പേര്‍ മരിച്ചു. താല്‍കാലി ആശുപത്രികളുടെ നിര്‍മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈനിക വാഹനങ്ങള്‍ പ്രവേശിച്ചു. അമേരിക്കയിലുള്ള മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്.