പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം; കൊവിഡ് ബാധിതന്റെ മകൻ കെഎസ്ആർടിസി കണ്ടക്ടർ; തിരുവനന്തപുരം ബസിലും ജോലി

single-img
26 March 2020

തിരുവനന്തപുരം: കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത് മാര്‍ച്ച് 13നാണ്.എന്നാൽ ഇയ്യാൾ ക്വാറന്റീനില്‍ പോകാതെ പലയിടത്തും സഞ്ചരിച്ചു.നിരീക്ഷണത്തിലായത് 21നും. ഇന്നലെയൊണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതാണ് ഇപ്പോൾ ദുഷ്കരമായിരിക്കുന്നത്.

51 വയസ്സുകാരൻ ഉംറ തീർഥാടനത്തിനു ശേഷമാണു കേരളത്തിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി മണ്ണാർക്കാട്ടേക്കു വരികയായിരുന്നു. അവിടെയെത്തി 13ന് ശേഷം പല സ്ഥലങ്ങളിലും ബസിൽ പോയി. ബാങ്കുകൾ, യത്തീംഖാന, പള്ളി എന്നിവിടങ്ങളിൽ പോയി. ജനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ ഇയാളെ കണ്ടെത്തിയത്. ഇയാൾ സ്വമേധയാ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടില്ലെന്നാണു ലഭിക്കുന്ന വിവരം.

അതേ സമയം കൊവിഡ് 19 സ്ഥിരീകരിച്ച ഇയ്യാളുടെ മകൻ കെഎസ്ആർടിസിയിൽ കണ്ടക്ടർ ആണെന്നത് മറ്റൊരു വെല്ലുവിളിയായി. മണ്ണാർക്കാട് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാളും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലാകുന്നതിനു മുൻപ് ആനക്കട്ടി, തിരുവനന്തപുരം ബസുകളിലാണ് ഇയാൾ ജോലി ചെയ്തത്. മാർച്ച് 17ന് ആനക്കട്ടി ബസിൽ പോയി. 18ന് തിരുവനന്തപുരം ബസിലും ജോലി ചെയ്തു.യാത്രയ്ക്കിടെ രണ്ടിടത്തുവച്ചു ഭക്ഷണം കഴിച്ചു. കായംകുളം കെഎസ്ആർടിസി കന്റീൻ, തിരുവനന്തപുരം വികാസ് ഭവനു സമീപത്തെ കഞ്ഞിക്കട എന്നിവിടങ്ങളിൽ‌ വച്ചാണു ജോലിക്കിടെ മകൻ ഭക്ഷണം കഴിച്ചത്. കെഎസ്ആർടിസിയാണു കണ്ടക്ടറുടെ വിവരങ്ങള്‍ തയാറാക്കിയത്. രോഗിയുടെ മകന്റെ റൂട്ട് മാപ്പ് പുറത്തിറങ്ങി. 17ന് രാവിലെ 6.15ന് കോയമ്പത്തൂരിലേക്കു പോയ ബസിൽ‌ ജോലി ചെയ്തു.

പിന്നീട് തിരുവനന്തപുരം ബസിൽ കണ്ടക്ടറായി. 18ന് രാവിലെ ഏഴിന് മണ്ണാർ‌ക്കാട് നിന്നു പുറപ്പെട്ട് എട്ട് മണിക്ക് പാലക്കാട് എത്തി. പാലക്കാട് നിന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടരയോടെ ഇവിടെനിന്ന് പുറപ്പെട്ട് പത്ത് മണിക്ക് തൃശൂരിൽ എത്തി. ഉച്ചയ്ക്ക് കായംകുളത്ത് എത്തി അവിടെനിന്നു ഭക്ഷണം കഴിച്ചു. വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം സെൻട്രൽ കെഎസ്ആർടിസി സ്റ്റേഷനിൽ ബസെത്തി. അവിടെനിന്ന് വികാസ് ഭവനിൽപോയി കഞ്ഞിക്കടയിൽനിന്ന് ഭക്ഷണം കഴിച്ചു വിശ്രമിച്ചു.19ന് തിരിച്ച് മണ്ണർക്കാടേക്ക് ബസ് പുറപ്പെട്ടു. ഈ ബസുകളിൽ യാത്ര ചെയ്തവരെല്ലാം തന്നെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.