കൊറോണയല്ല വിഷയം, ലോകാവസാനമാണ്; കശ്മീരില്‍ ലോകാവസാന ഭീതി

single-img
26 March 2020

ശ്രീനഗര്‍: ലോകമാകമാനമുള്ള രാജ്യങ്ങൾ കൊവിഡ് ഭീതിയാലാണ്. മരണം വിതക്കുന്ന വെെറസിനെ പേടിച്ച് ജനങ്ങൾ വീടു വിട്ട് പുറത്തിറങ്ങുന്നില്ല. ഇന്ത്യയും കൊറോണ വ്യാപനം തടയാന്‍ കര്‍ശന ലോക്ക് ഡൗണിലാണ്. എന്നാൽ കശ്മീരില്‍ വിഷയം കൊറോണയല്ല, ലോകാവസാന ഭീതിയാണ്. വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള പ്രചരണം കശ്മീരില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജനം ഭീതിയിലായിരിക്കുകയാണ്. ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ കണ്ടുവെന്ന പ്രചരണമാണ് കശ്മീരില്‍ വ്യാപകമാകുന്നത്.

പ്രചരണങ്ങള്‍ കൈവിട്ടതോടെ ശ്രീനഗറുള്‍പ്പെടെ കശ്മീരിലെ ഉള്‍ഭാഗങ്ങളില്‍ വരെ രാത്രിയില്‍ പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം വന്നു. അതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചിലര്‍ വീടിനു പുറത്തിറങ്ങി കാത്തിരുന്നു. മാര്‍ച്ച് 26ന് ഭൂമിക്ക് സമീപത്തുകൂടി ഒരു ഛിന്നഗ്രഹം കടന്നുപോകും എന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള കിംവദന്തികളാണ് കശ്മീര്‍ താഴ്‌വരിയില്‍ പ്രചരിക്കുന്നത്. ഒരു വ്യാഴാഴ്ചയാണ് ലോകാവസാനം സംഭവിക്കുകയെന്ന വിശ്വാസം കശ്മീരികള്‍ക്കിടയില്‍ പൊതുവായുണ്ട്. അതിനൊപ്പം ഛിന്നഗ്രഹം എത്തുന്നുവെന്ന വാര്‍ത്തയും കൂട്ടിച്ചേര്‍ത്ത് ആരോ പടച്ചുവിട്ട പ്രചാരണമാണ് ഇപ്പോള്‍ കശ്മീരികളെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

കശ്മീരില്‍ 11 കൊറോണ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.