ഓൺലൈൻ വിൽപന ആലോചിച്ചിട്ടില്ല; 21 ദിവസവും ബിവറേജുകൾ പൂട്ടിത്തന്നെ കിടക്കും

single-img
26 March 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന പശ്ചാത്തലത്തിൽ മദ്യവിൽപന കർശനമായി തടയുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ഓണ്‍ ലൈന്‍ മദ്യവില്‍പന ആലോചിച്ചിട്ടില്ലെന്നും ലോക്ക് ഡൗണ്‍ കഴിയും വരെ ഇതേ സ്ഥിതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 21 ദിവസത്തേക്ക് ഇനി ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കേണ്ടെന്നാണ് തീരുമാനം.

കള്ള് ഷാപ്പുകളും തുറക്കില്ലെന്ന് കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷനും തീരുമാനിച്ചതോടെ സംസ്ഥാനം പരോക്ഷമായിട്ടെങ്കിലും സമ്പൂർണ മദ്യനിരോധനത്തിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ വ്യാജമദ്യം ഒഴുകാതിരിക്കാന്‍ മദ്യം ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ അത്തരം നീക്കങ്ങൾ ഇപ്പോൾ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി.

ആളുകള്‍ കൂട്ടം കൂടിയിരുന്ന് കുടിയ്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബാറുകൾ പൂർണമായും അടപ്പിച്ചിരുന്നെങ്കിലും കൗണ്ടറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു.