ലോക്ക് ഡൌണ്‍ നടപ്പാക്കാന്‍ സൈന്യത്തെ വിളിക്കാന്‍ നിര്‍ബന്ധിതരാക്കരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
26 March 2020

ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് പുറത്തിറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. യുഎസിൽ ചെയ്തത് പോലെ ലോക്ക് ഡൌണ്‍ നടപ്പിലാക്കാന്‍ സൈന്യത്തെ വിളിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്ന് സര്‍ക്കാര്‍ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി. വൈറസ് വ്യാപനത്തെ തടയാൻ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് സംസ്ഥാനത്തെ ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ അജിത് പവാര്‍ അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ. ജനങ്ങളും പൊലീസും പരസ്പരം സ്വയം നിയന്ത്രണം പാലിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വാസായില്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ ഓടിച്ചുകയറ്റി ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസുകാര്‍ക്കെതിരെയും ആക്രമണമുണ്ടായതായും വാര്‍ത്തകള്‍ വന്നിരുന്നു.

ഇത്തരത്തില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പവാര്‍ എത്തിയത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറുന്ന പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുന്ന ആരെയും സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്താകെ ഇതുവരെ 124 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നാല് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.