കേരളത്തിൽ ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 861 പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണിന് സ്ഥലം സജ്ജമാക്കി

single-img
26 March 2020

കേരളത്തിൽ ഇന്ന് 19 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ വയനാട് ജില്ലയിൽ ആദ്യമായാണ് ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. കണ്ണൂർ 9, കാസർകോട് 3, മലപ്പുറം 3, തൃശൂർ 2, ഇടുക്കി 1 എന്നിങ്ങനെയാണ് മറ്റു രോഗികൾ. ഇതോടെ സംസ്ഥാനത്താകെയുള്ള പോസ്റ്റീവ് കേസുകളുടെ എണ്ണം 126 ആയി.

പുതിയതായി 136 പേർ ഇന്ന് ആശുപത്രിയിലായി. അതേപോലെ തന്നെ, പ്രതിരോധത്തിനായി ഇന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഭക്ഷണ ലഭ്യത ഉറപ്പ് വരുത്താൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കമ്യൂണിറ്റി കിച്ചൺ 43 ഇടത്ത് ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലാകെയുള്ള 941 പഞ്ചായത്തുകളിൽ 861 പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചണിന് സ്ഥലം സജ്ജമാക്കി. ആറ് കോർപ്പറേഷനുകളിൽ ഒൻപത് സ്ഥലത്ത് കിച്ചൺ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയത്.

ഇവിടങ്ങളിലെല്ലാം വരും ദിവസങ്ങളിൽ ഭക്ഷണ വിതരണം ആരംഭിക്കും. ഇതിനായുള്ള പ്രാദേശിക വളന്റിയർമാരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി. അതേപോലെ തന്നെ 815 പഞ്ചായത്തുകളിൽ ഹെൽപ് ഡയസ്ക് സജ്ജീകരിച്ചു.