ഐസോലേഷനും ക്വാറൻ്റയിനും പ്രവാചകൻ മുഹമ്മദ് നബിയുടെ സംഭാവനകൾ: തേജസ് ദിനപത്രത്തിൽ ലേഖനം

single-img
25 March 2020

ലോകം കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഫലമായുണ്ടായ കോവിഡ്19 എന്ന രോഗം നാശംവിതച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെ ലോകത്തെ പല രാജ്യങ്ങളും ലോക ഡൗൺ പ്രഖ്യാപിച്ചുകഴിഞ്ഞു. അസുഖം ബാധിതരോ അസുഖത്തിൻ്റെ ലക്ഷണങ്ങൾ കാട്ടുന്നവരായ ജനങ്ങളെ നിരീക്ഷണത്തിലോ ഐസൊലേഷനിലോ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടയിൽ ഐസോലേഷനും ക്വാറൻ്റയിനും ലോകത്തിന് സംഭാവന നൽകിയത് പ്രവാചകൻ മുഹമ്മദ് നബിയാണെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് തേജസ് ദിനപത്രം. 

മാർച്ച് 23ന് തേജസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരമൊരു അവകാശവാദം ഉയർത്തിയിട്ടുള്ളത്. നവാസ് അലി എഴുതിയ ലേഖനത്തിൽ പറയുന്നു, വൈദ്യശാസ്ത്രം എന്ന പേര് പോലും വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നതിനു മുന്‍പ് 1400 വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞ കാര്യങ്ങളാണ് കൊറോണക്കാലത്ത് ലോകം നടപ്പിലാക്കുന്നത് എന്ന്. അമേരിക്കന്‍ മാധ്യമമായ ന്യൂസ് വീക്കും സൗദി അറേബ്യയിലെ 60 പത്രങ്ങളും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ലേഖകൻ പറയുന്നുണ്ട്. 

മഹാമാരിയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ‘ഐസൊലേഷന്‍’ ‘ക്വാറന്റയിന്‍’ എന്നിവ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രവാചകന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നാണ് മാര്‍ച്ച് 17 ന് അമേരിക്കന്‍ ന്യൂസ് വീക്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്- ലേഖനത്തിൽ പറയുന്നു. 

ലോകം അല്‍ഭുതത്തോടെയാണ് ഈ റിപോര്‍ട്ട് ശ്രദ്ധിച്ചത്. വന്‍ പ്രതികരണങ്ങള്‍ക്കും ഇത് വഴിയൊരുക്കി. സൗദിയിലെ അറബ് പത്രങ്ങളും വളരെ പ്രാധാന്യത്തോടെ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മുഹമ്മദ് നബി നിര്‍ദേശിച്ച ‘ക്വാറന്റയിന്‍’ പ്രാക്ടീസിങ് അത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ അധ്യാപനമാണെന്നാണ് ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും തേജസിലെ റിപ്പോർട്ടിൽ പറയുന്നു. 

അതുപോലെ, ശുചിത്വം, കൈകളും മുഖവും കഴുകാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം പ്രവാചക അധ്യാപനങ്ങളുടെ മാഹാത്മ്യവും അവയുടെ സാര്‍വകാലിക പ്രസക്തിയും വിളിച്ചോതുന്നുവെന്നും ലേഖനത്തില്‍ എടുത്തുപറയുന്നു. അതുകൊണ്ടുതന്നെ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശങ്ങളുടെ ഉപജ്ഞാതാവ് മുഹമ്മദ് നബിയാണെന്നാണ് വിലയിരുത്തലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.