പിടിച്ചു നിൽക്കാൻ ശ്രമിച്ച് ഓഹരി വിപണി; തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല

single-img
25 March 2020

മുംബൈ: ഓഹരി വിപണിയില്‍തുടക്കം നേട്ടത്തോടെയായിരുന്നെങ്കിലും ആ സ്ഥിതി നിലനിർത്താൻ വിപണിക്കായില്ല. സെന്‍സെക്സ് 522 പോയന്റ് ഉയര്‍ന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തില്‍ 7952ലുമാണ് വ്യാപാരം ആരംഭിച്ചത്.എന്നാൽ അധികം താമസിയാതെ തന്നെ വിപണി തഴേക്കിടിഞ്ഞു. ഇപ്പോൾ സെൻസെക്സ് 120 പോയിന്റെും നിഫ്റ്റി 40 പോയിന്റുമാണ് ഉയർന്നിരിക്കുന്നത്.

കോവിഡ് ബാധ കൂടുതല്‍ വ്യാപകമാകാതിരിക്കാന്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഈ സാഹചര്യത്തിലും വിപണിയെ കൈവിടാതിരിക്കാൻ നിക്ഷേപകര്‍ ശ്രമിക്കുന്നുണ്ട്. അമേരിക്കൻ വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത് നേട്ടത്തിലാണ്. യുഎസ് സൂചികയായ നാസ്ഡാക് 8.12ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഓഹരി വില എട്ടുശതമാനം ഉയര്‍ന്ന് റിലയന്‍സാണ് മികച്ച നേട്ടത്തില്‍. ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ,തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണികളിലും ഉണര്‍വ് പ്രകടമാണ്. നിക്കി, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയ സൂചികകളും നേട്ടം കാണിക്കുന്നുണ്ട്.

യെസ് ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, അള്‍ട്രടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.