സംസ്ഥാനത്തെ എല്ലാ ശമ്പള-പെൻഷൻ ബില്ലുകളും മാർച്ച് 31ന് മുൻപ് പാസാക്കും; ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നൽകി

single-img
25 March 2020

കേരളത്തിലെ കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് മൂലമുള്ള അവധി ദിനങ്ങളിലും ഡ്യൂട്ടി ആയി കണക്കാക്കി ശമ്പളം നൽകാൻ ധനവകുപ്പ് തീരുമാനിച്ചു. ഇത് ഉൾപ്പെടെയുള്ള എല്ലാ ശമ്പള-പെൻഷൻ ബില്ലുകളും മാർച്ച് 31 ന് മുമ്പായി പാസാക്കാൻ ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

പ്രത്യേക സാഹചര്യം നിലനിൽക്കുന്ന ഒഴികെയുള്ള ജില്ലകളിൽ സർക്കാരിന്റെ അടിയന്തിര പേമെന്റുകൾക്കും വ്യക്തികളുടെ ഒഴിച്ചുകൂടാനാവാത്ത പേമെന്റുകൾക്കും മാത്രമായി മൂന്നിലൊന്ന് ജീവനക്കാരെ വിനിയോഗിച്ച് എല്ലാ ട്രഷറികളും ഭാഗികമായി പ്രവർത്തിപ്പിക്കും. ഇവയിൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

ഈ തീരുമാനത്തിന്മേൽ ഉചിതമായ രീതിയിൽ ജീവനക്കാരെ താൽക്കാലികമായി ജില്ലാ ട്രഷറി പരിധിക്കുള്ളിൽ പുനർവിന്യസിക്കാൻ ജില്ലാ ട്രഷറി ഓഫീസർമാർക്ക് ചുമതല നൽകി.