മരണം തൊട്ടടുത്തെത്തിയിട്ടും അവർ സഹജീവികളെ സ്നേഹിക്കുന്നു; ശ്വസന സഹായി ചെറുപ്പക്കാരനായ രോഗിക്ക് നല്‍കി പുരോഹിതൻ മരണത്തിനു കീഴടങ്ങി

single-img
25 March 2020

കൊറോണ വെെറസിൻ്റെ കടന്നുകയറ്റത്തോടെ ലോകരാജ്യങ്ങൾ നടുങ്ങി നിൽക്കുകയാണ്. ഇറ്റലിയിലാണ് കോവിഡ് 19 ഏറ്റവും അധികം നാശം വിതച്ചത്. ആയിരത്തിനടുത്ത് ആൾക്കാരാണ് ദിനംപ്രതി ഇവിടെ മരിച്ചു വീഴുന്നത്. മറ്റു രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.  വൈറസിനെ ഭയന്ന് വീട്ടിനുള്ളിൽ ഒതുക്കി ഇരിക്കേണ്ട അവസ്ഥയിലാണ് ലോകരാജ്യങ്ങളിലെ ജനങ്ങൾ. 

കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ മരണം സംഭവിച്ച ഇറ്റലിയില്‍ നിന്ന് തന്നെയുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലോകം വികാരഭാരത്തോടെ കേള്‍ക്കുന്നത്. ശ്വസന സഹായി മറ്റൊരു രോഗിക്ക് നല്‍കി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ഇറ്റലിയിലിുള്ള പുരോഹിതന്‍. 72കാരനായ ഡോണ്‍ ഗിസെപ്പെ ബെറദെല്ലി എന്ന പുരോഹിതനാണ് ചെറുപ്പക്കാരനായ രോഗിക്ക് ശ്വസന സഹായി നല്‍കി മരണം സ്വയം വരിച്ചത്. 

ഡോണ്‍ ഗിസെപ്പെ മിലാനിലെ കാസ്‌നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനാണ്. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശ്വാസം കഴിക്കാന്‍ അദ്ദേഹം പാടുപെട്ടു. ഇത് ശ്രദ്ധയില്‍ പെട്ട ഡോക്ടര്‍മാര്‍ അദേഹത്തിന് ശ്വസനസഹായി നല്‍കി. 

എന്നാല്‍ അത് സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പകരം, അസുഖം മൂര്‍ച്ഛിച്ച് ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു യുവരോഗിക്ക് അത് നല്‍കാന്‍ അദ്ദേഹം ഡോക്ടര്‍മാരോട് പറയുകയായിരുന്നു. ഏറെ താമസിയാതെ ഡോണ്‍ മരണപ്പെടുകയും ചെയ്തു.