‘കല്യാണം നടക്കുന്നില്ല, ജ്യോത്സ്യനെ കാണാന്‍ പോകുന്നു’; ലോക്ക് ഡൌണ്‍ ദിനത്തില്‍ പോലീസിന്‍റെ മുന്നില്‍പെട്ട യുവാവിന് പിന്നെ സംഭവിച്ചത് അറിയാം

single-img
25 March 2020

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ പ്രധാനമന്ത്രി രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും അതിന്റെ ഗൌരവം മനസിലാകാത്തവര്‍ ആണ് പലരും എന്ന് പുറത്തുവരുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. കാട്ടാക്കടയിലെ സിഐ ഡി ബിജുകുമാർ ലോക്ഡൗൺ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടഞ്ഞു വീട്ടിലേക്കയയ്ക്കാൻ ജംക്‌ഷനിലെത്തിയപ്പോഴാണ് ഹെൽമറ്റില്ലാതെ യുവാവ് ബൈക്കില്‍ ആ ഭാഗത്തേക്ക് എത്തിയത്.

എവിടെക്കാണ്‌ യാത്രയെന്ന സിഐയുടെ ചോദ്യത്തിന് താന്‍ ജോത്സ്യനെ കാണാനാണെന്നും തനിക്ക് കല്യാണം നടക്കുന്നില്ലെന്നും യുവാവ് മറുപടി നല്‍കി. ഈ മറുപടി കേട്ടതോടെ തനിക്ക് പരിചയമുള്ള ജോത്സ്യനുണ്ടെന്നും കൂടെവന്നാൽ കാണാമെന്നും സിഐ പറഞ്ഞു. ഇത് കെട്ട ഉടന്‍ യുവാവ് സിഐയുടെ പിറകെ ചെല്ലുകയും ചെയ്തു.

അങ്ങിനെ ഇരുകൂട്ടരുടെയും യാത്ര അവസാനിച്ചത് 50 മീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും താന്‍ അപ്പോഴും പോലീസ് കസ്റ്റഡിയിലാണെന്ന് യുവാവിന് മനസിലായില്ല എന്നതാണ് ആശ്ചര്യം. പോലീസ് സ്റ്റെഷനിലെത്തി ഒരു മണിക്കൂറിനുശേഷം പിഴ ഈടാക്കി യുവാവിനെ വിട്ടയച്ചു.