മൂന്ന് രൂപയ്ക്ക് അരി, രണ്ട് രൂപയ്ക്ക് ഗോതമ്പ്; സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് സർക്കാർ പഠിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി

single-img
25 March 2020

രാജ്യമാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു കിലോ അരിക്ക് മൂന്നു രൂപയും ഗോതമ്പിന് രണ്ടുരൂപയും നിരക്കിൽ 80 കോടി ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങളാരും ഭയം മൂലം വലിയതോതിൽ സാധനങ്ങൾ വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ കൊറോണ വൈറസ് ബാധ കാരണം ഉണ്ടാകുന്ന രാജ്യത്തെ സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു സർക്കാർ പഠിക്കുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു നേരിട്ടു തോൽപിക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ദിനപത്രങ്ങളിലൂടെ രോഗബാധയുണ്ടാകുമെന്ന തെറ്റിദ്ധാരണ പരത്തരുത് എന്നും ഓർമ്മപ്പെടുത്തി.

ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമം വരില്ല. നമ്മുടെ മുന്നിലുള്ള വഴി ആദ്യം പ്രശ്നം പരിഹരിക്കുക എന്നതാണ്. അടിയന്തര സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളോടും ഹെൽപ് ലൈനുകൾ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പർ ഇന്ന് പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.