ലോക്ക് ഡൌൺ: സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ കേന്ദ്രസർക്കാർ നിർത്തിവെച്ചു

single-img
25 March 2020

കൊറോണ വൈറസ് രാജ്യമാകെ പടരുന്ന പശ്ചാത്തലത്തില്‍ സെന്‍സസ്, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ അനിശ്ചിതമായി കേന്ദ്രസർക്കാർ നീട്ടിവെച്ചു. ഇവയുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാന്‍ പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരുന്നു. കൊറോണയുടെ മറവില്‍ സെന്‍സസിന്റെ മറവില്‍ സിഎഎ, എന്‍ആര്‍സി നടപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണം സര്‍ക്കാര്‍ തള്ളുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തിന്റെ പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം പറഞ്ഞിരിക്കുന്നത്.

അടുത്തമാസം ഒന്നുമുതല്‍ സെപ്റ്റംബര്‍ 30വരെയാണ് സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ എന്‍പിആര്‍ നടപ്പാക്കാനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് കേരളം, ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ഛത്തീസ്ഗഢ് സര്‍ക്കാറുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്‍സസ് നടപടികളുമായി സഹകരിക്കാമെന്നും ഇവര്‍ അറിയിച്ചിരുന്നു. പക്ഷെ സംസ്ഥാന സര്‍ക്കാറുകളുടെ എതിര്‍പ്പ് അവഗണിച്ച് എന്‍പിആര്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.