വെറുതേ കറങ്ങാനിറങ്ങുന്നവർ സൂക്ഷിക്കുക! വണ്ടിയടക്കം പൊക്കും, പിന്നെ പുറത്തിറങ്ങാൻ 21 ദിവസം കഴിയും

single-img
25 March 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ കർശനമാക്കിയിരിക്കുകയാണ് സർക്കാർ. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൊലീസ് പരിശോധനയും കർശനമാക്കി. അടിയന്ത്ര ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങുന്നവർക്ക് നേരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം.

ലോക്ക് ഡൗൺ നേരിടുന്ന നാടൊന്നു ചുറ്റിക്കാണാമെന്നു കരുതിയിറങ്ങുന്ന വിരുതൻമാരാണ് സൂക്ഷിക്കേണ്ടത്. പൊലീസ് പിടിച്ചാൽ വണ്ടിയടക്കം പൊക്കിക്കൊണ്ടുപോകും. പിന്നെ 21 ദിവസം കഴിഞ്ഞേ പുറത്തിറങ്ങു. വണ്ടി മാത്രമല്ല ആളും അകത്തായിരിക്കും.

അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇന്നലെ വിലക്ക് ലംഘിച്ച്‌ പുറത്തിറങ്ങിയ മുപ്പതിലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. എന്നാല്‍, ഇന്ന് നടപടി കുറച്ചു കൂടി കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്ന 21 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും പിന്നീട് വാഹനങ്ങള്‍ ഉടമയ്ക്ക് ലഭിക്കുക. പക്ഷേ, ഇതിന് ധാരാളം നൂലാമാലകള്‍ മറികടക്കേണ്ടി വരും. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനം പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരിക്കും സൂക്ഷിക്കുക. കൂടാതെ വാഹന ഉടമയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പുമായി കൂടിയാലോചന നടത്താനും നീക്കമുണ്ട്. അതിനാല്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക. ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധനയാണ് പൊലീസ് നടത്തുന്നത്.