മുന്നൊരുക്കങ്ങളുമായി സർക്കാർ; 15 കിലോ അരി ഉള്‍പ്പെടെ ആവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും

single-img
25 March 2020

തിരുവനന്തപുരം: കൊറോണ ഭീതിയിൽ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ മുന്നൊരുക്കങ്ങളുമായി കേരള സംസ്ഥാന സര്‍ക്കാര്‍. സംസ്​ഥാനത്തെ എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ്​ വിതരണം ചെയ്യും. 5 കിലോ അരി ഉൾപ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളായിരിക്കും ഉൾപ്പെടുത്തുക. തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിനാണ് പദ്ധതി.

Doante to evartha to support Independent journalism

മുൻഗണന പട്ടികയിലുള്ളവർക്ക്​ 15 കിലോ അരി വിതരണം ചെയ്യും. ആവശ്യമെങ്കിൽ മറ്റുള്ളവർക്കും നൽകുന്ന കാര്യം പരിഗണിക്കും. ഭക്ഷ്യ സാധനങ്ങൾ അവരുടെ വീട്ടിലേക്ക്​ എത്തിക്കുന്ന തരത്തിൽ നടപടി സ്വീകരിക്കാനാണ്​ തീരുമാനം. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്‌.

റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്‌. മാവേലി സ്‌റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക ഈ രണ്ട് സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.

സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ(റേഷന്‍) സമയക്രമത്തിലും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്.രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.

ക്ഷേമപെന്‍ഷനുകള്‍ നേരത്തെ നല്‍കാനും ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു അതിന് പുറമെയാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള തീരുമാനം