കൊറോണയെ പേടിച്ച് രാജിവെച്ച് ഡോക്ടര്‍മാര്‍, തിരിച്ചെത്തിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ആശുപത്രി

single-img
25 March 2020

റാഞ്ചി: രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ​ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കൊറോണ മഹാമാരിയിൽ സർക്കാർ ജീവനക്കാരും ആരോ​ഗ്യപ്രവർത്തകരും ജീവൻ പോലും പണയം വച്ചാണ് കർത്തവ്യങ്ങളിൽ ഏർപ്പേട്ടിരിക്കുന്നത്. എന്നാൽ മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്ന ഡോക്ടർമാരുടെ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊറോണ കാലത്ത്‌ വാര്‍ഡ് ഡ്യൂട്ടിക്കിട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചിരിക്കുകയാണ്. വാട്‌സാപ്പ് ജിമെയില്‍ സംവിധാനങ്ങളിലൂടെയായിരുന്നു രാജി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ഭാര്യ സൗമ്യയുമാണ് രാജിവെച്ചത്.

വെസ്റ്റ് സിങ്ഭം സിവില്‍ സര്‍ജനായ മഞ്ജു ദുബെ ആരോഗ്യ സെക്രട്ടറി ഡോ. നിതിന്‍ മദന്‍ കുല്‍ക്കര്‍ണിയുടെ നിര്‍ദേശമനുസരിച്ച് ജോലിക്ക് എത്രയും പെട്ടെന്ന് ഹാജരാവാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്..

“ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഞാന്‍ ഡോ. ടിര്‍ക്കിയോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ എപിഡമിക് ഡിസീസ് ആക്റ്റ് പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും അറിയിച്ചു. മാത്രവുമല്ല ഡ്യൂട്ടിക്കെത്തിയില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു”, ഡോ ദൂബെ പറയുന്നു.

ധുംക മെഡിക്കല്‍ കോളജില്‍ നിന്നും രാജിവെച്ച ഡോ. അലോക് അടുത്തിടെയാണ് സദാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്ന് ദിവസം മുമ്പ് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്കിടുകയായിരുന്നുവെന്നും ഡോ ദൂബെ പറഞ്ഞു.എന്നാല്‍ ആശുപത്രിക്കുള്ളിലെ രാഷ്ട്രീയക്കളിയുടെ ഇരായാണ് താനെന്നാണ് ഡോ ടിർക്കി പറയുന്നത്. ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനാലാണ് താന്‍ രാജിവെച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.

“നാല് ദിവസം മുമ്പ് മാത്രമാണ് ഞാന്‍ ഇവിടെ ജോലിക്കെത്തുന്നത്. അടുത്ത ദിവസം തന്നെ കൊറോണ വാര്‍ഡിലിട്ടു. എന്ത് കൊണ്ടാണ് മറ്റ് ഡോക്ടര്‍മാരെയാരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പോസ്റ്റ് ചെയ്യാതിരുന്നത്”. ഇത്രയധികം രോഗികളെ താന്‍ എങ്ങനെയാണ് ഒറ്റയ്ക്കു നോക്കുകയെന്നും ഡോക്ടര്‍ ചോദിക്കുന്നു.

“ആദ്യ ദിവസം യാതൊരു വിധ സുരക്ഷാ കിറ്റുകളുമില്ലാതയാണ് താന്‍ രോഗികളെ പരിചരിച്ചത്. മാത്രവുമല്ല രോഗികൾക്ക് വേണ്ട മരുന്ന് പോലുമുണ്ടായിരുന്നില്ല. ഇതായിരുന്നു ധുംക മെഡിക്കല്‍ കോളേജിലെ അവസ്ഥ”, ഡോ ടിർക്കി കൂട്ടിച്ചേര്‍ത്തു.സ്വയം രക്ഷയ്ക്കല്ല ഇങ്ങനെ ചെയ്തതെന്നും കൊറോണക്കാലത്തെ ഡ്യൂട്ടി നിര്‍വ്വഹണത്തിനു ശേഷം താന്‍ എന്തുതന്നെയായലും ജോലി രാജിവെക്കുമെന്നും ഡോ. ടിര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു