പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിന്റെ തലേദിവസം ബെവ്കോ വഴി വിറ്റഴിച്ചത് 63.92 കോടി രൂപയുടെ മദ്യം

single-img
25 March 2020

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന്റെ തലേന്ന് കേരളത്തിൽ ബെവ്കോ വഴി വിറ്റഴിക്കപ്പെട്ടത് 63.92 കോടി രൂപയുടെ മദ്യം. അന്നേദിവസം കണ്‍സ്യൂമ‌ർഫെഡ് ഔട്ട് ലെറ്റിലെയും കള്ളു ഷാപ്പിലെയും വിൽപ്പന കണക്ക് പുറത്തുവിട്ടിട്ടില്ല. സാധാരണ ദിവസങ്ങളിൽ 28 മുതൽ 30 കോടിയുടെ മദ്യം വിൽക്കുമ്പോഴാണ് കർഫ്യൂവിന്റെ തലേ ദിവസം ഈ വർദ്ധിച്ച ഉണ്ടായത്.

ഇതേസമയം കഴിഞ്ഞ വർഷം മാർച്ച് 21ന് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴി കേവലം 29.23 കോടിയുടെ മദ്യമാണ് വിറ്റത്. ആ സ്ഥാനത്താണ് ഈ വർഷം 63.92 കോടിയുടെ മദ്യം. സംസ്ഥാനത്താകെയുള്ള 265 ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴിയുള്ള വിൽപ്പനയുടെ കണക്കാണ് പുറത്തുവന്നത്. ഇതിൽ വെയർഹൗസിലൂടെ 12.68 കോടിയുടെ മദ്യം വിറ്റു.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ. അന്നേദിവസം സംസ്ഥാനത്തെ ബെവ്ക്കോ- കണ്‍സ്യൂമ‌ർഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും അടഞ്ഞു കിടന്നു. അത്കൊണ്ടുതന്നെ തലേ ദിവസം ശനിയാഴ്ച മദ്യവിൽപ്പന പൊടിപൊടിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സമയവും ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിടാൻ ബെവ്ക്കോ തയ്യാറായിട്ടില്ല.