പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക തീരുമാനം ഉണ്ടാവും

single-img
24 March 2020

ന്യൂഡല്‍ഹി: കൊവിഡ് 19 രോ​ഗബാധ ഇന്ത്യയിൽ അതിവേ​ഗം പടരുകയാണ്. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊറോണ വിഷയത്തില്‍ ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത് കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ടായിരുന്നു. പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയുമുണ്ടായി. ദയവായി നിങ്ങള്‍ സ്വയം സുരക്ഷിതരാകണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ഇതിനോടകം തന്നെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.