ഏത് എടിഎമ്മിൽ നിന്നും സർവീസ് ചാർജില്ലാതെ പണം എടുക്കാം; മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഇല്ല; നടപടികളുമായി കേന്ദ്ര സർക്കാർ

single-img
24 March 2020

കൊറോണ വ്യാപനം രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് ജനങ്ങൾക്ക്ആശ്വാസനടപടികളുമായി കേന്ദ്രസർക്കാർ. പുതിയ തീരുമാന പ്രകാരം ഇന്ന് മുതൽ ഇനിയുള്ള മൂന്ന് മാസത്തേക്ക് അക്കൌണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയീടാക്കരുതെന്ന് ബാങ്കുകളോട് ധനകാര്യമന്ത്രാലയം നിർദേശം നൽകി.

അതേപോലെ തന്നെ ഏത് എടിഎമ്മിൽ നിന്നും ഇനി സർവീസ് ചാർജില്ലാതെ പണമെടുക്കാമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.എന്നാൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ നിർമലാ സീതാരാമൻ തയ്യാറായില്ല. ഇപ്പോൾ അത്തരമൊരു പാക്കേജിന്റെ പണിപ്പുരയിലാണെന്നും, അധികം വൈകാതെ പാക്കേജ് പ്രഖ്യാപിക്കാമെന്നും അവർ വ്യക്തമാക്കി.

ഇപ്പോൾ ഡെബിറ്റ് കാർഡുള്ളവർക്കാണ് എടിഎം ഇളവുകൾ ലഭിക്കുക. ഇളവുകൾ കിട്ടുന്നതോടെ പണം എടുക്കാൻ ബാങ്കുകളിൽ തിരക്ക് കൂട്ടുന്നതും ഒഴിവാക്കണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു. രാജ്യത്ത് ആദായനികുതി റിട്ടേണിന്റെയും ജിഎസ്ടി റിട്ടേണിന്റെയും തീയതികളും കേന്ദ്രസർക്കാർ നീട്ടി നൽകി.

ഈ മാസം 31-നകം ആദായനികുതി റിട്ടേൺ നൽകേണ്ടിയിരുന്നത് ജൂൺ 30-ലേക്ക് നീട്ടി. അതേപോലെ ആദായനികുതി വൈകിയാലുള്ള പിഴ 18 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതിനോടൊപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതിയും ജൂൺ 30- ആക്കി നീട്ടിയിട്ടുണ്ട്. ജിഎസ്ടിയുടെ റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആക്കി ദീർഘിപ്പിച്ചു.

എന്തെങ്കിലും കാരണത്താൽ ജിഎസ്ടി റിട്ടേൺ നൽകാൻ വൈകുന്ന ചെറു കമ്പനികൾക്ക്, ലേറ്റ് ഫീയോ, പിഴയോ, ഇതിന്റെ പലിശയോ ഈടാക്കില്ലെന്നും ധനകാര്യമന്ത്രി അറിയിച്ചു. അഞ്ച് കോടിരൂപയുടെ മുകളിൽ ടേണോവറുള്ള കമ്പനികൾക്ക് പിഴയും ലേറ്റ് ഫീയും ഉണ്ടാകില്ലെങ്കിലും ഇതിന്റെ പലിശ നൽകേണ്ടി വരും.