കൂടുതൽ നിയന്ത്രണങ്ങൾക്കു സാധ്യത: ഇന്നു രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

single-img
24 March 2020

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. ഇന്ന് രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി വീണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. 

പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സ്വയം സുരക്ഷിതത്വം, ഉറപ്പാക്കാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനായി പ്രധാനമന്ത്രി എത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. ഇന്ത്യയില്‍ ഇതുവരെ 490 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പതു പേര്‍ മരണമടയുകയും ചെയ്തിരുന്നു.

അന്ന് പ്രധാനമന്ത്രി ആദ്യം രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണ്ണമായും ലോക്കൗട്ടിലേക്ക് പോയിരുന്നു. ട്രെയിനുകളും മെട്രോകളും അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുമെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. നാളെ മുതല്‍ വ്യോമഗതാഗതവും നിര്‍ത്തി വെയ്ക്കും.