ലോക്ക്ഡൗൺ: അറിയേണ്ടതെല്ലാം

single-img
24 March 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  സംസ്ഥാനം ലോക്ക്ഡൗണിൽ (അടച്ചിടൽ) ആയിരിക്കുകയാണ്. അർധ രാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ പ്രവർത്തിക്കും. 

കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ വൈകീട്ട് 5 വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബിവറേജസ് ഔട്ട്ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും.

ബാങ്കുകൾ രണ്ട് മണിവരെ പ്രവർത്തിക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണ കേന്ദ്രങ്ങളും ആശുപത്രിയും പ്രവർത്തിക്കും. പൊതുയിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. സർക്കാർ ഓഫീസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഓഫീസുകളിൽ അത്യാവശ്യ ജീവനക്കാർ മാത്രമേ ഉണ്ടാകൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വീടുകളിൽ ഭക്ഷണ വിതരണം അനുവദിക്കും. സാധനങ്ങൾ വാങ്ങാന്‍ ഇറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കണം.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി. വെള്ളം, വൈദ്യുതി, അവശ്യ സാധനങ്ങൾ, ടെലികോം എന്നിവ തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കും. അതിഥി തൊഴിലാളികൾക്ക് ക്യാമ്പുകൾ ഒരുക്കും. നിരീക്ഷണത്തിലുള്ളവർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കും.

എന്തൊക്കെയാണ് ആവശ്യ സാധനങ്ങള്‍:

പഴം- പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം, ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പമ്പ് നടത്തിപ്പുകാര്‍, അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്.

അവശ്യ സര്‍വീസുകള്‍:

ആരോഗ്യ കേന്ദ്രങ്ങള്‍, ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യ സാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ കാലയളവില്‍ തടസമുണ്ടാവില്ല.

ഇക്കാര്യങ്ങൾ പ്രത്യേകം ഓർക്കുക:

പൊതുഗതാഗതം ഉണ്ടാവില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല 

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം, കര്‍ശന പരിശോധനയുണ്ടാകും

പെട്രോള്‍ പമ്പ്, ഗ്യാസ് എന്നിവ പ്രവര്‍ത്തിക്കും

ആശുപത്രികള്‍ പ്രവര്‍ത്തിക്കും

സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പ്രവര്‍ത്തിക്കും

ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കും

ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്നതൊഴികെയുള്ള കടകള്‍ അടച്ചിടണം

മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കും

ഹോട്ടലുകള്‍ ഉണ്ടാവും. പക്ഷെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാവകും

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ്; കനത്ത പിഴ

ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിക്കും; പട്ടിക അയല്‍വാസികള്‍ക്ക് നല്‍കും

ആള്‍ക്കൂട്ടം അനുവദിക്കില്ല

ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രികള്‍ തുറക്കും. 

ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും

കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കും

റിസര്‍വ് ബാങ്കിന്റെ സഹായം തേടും