പണമിടപാട് സ്ഥാപനങ്ങൾ പണപ്പിരിവ് രണ്ടു മാസത്തേക്ക് നിർത്തിവയ്ക്കണം: മുഖ്യമന്ത്രിയുടെ നിർദ്ദേശം

single-img
24 March 2020

കോവിഡിൻ്റെ പശ്ചാത്തലത്തിൽ മൈക്രോ ഫിനാൻസ് , സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ  തുടങ്ങിയവ ഇടപാടുകാരിൽ നിന്ന് പണം പിരിക്കുന്നത് രണ്ടു മാസത്തേക്ക് നിർത്തിവയ്ക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കൊറോണ വെെറസ് ബാധ മൂലമുള്ള സവിശേഷ സാഹചര്യം മുൻനിർത്തിയാണ് ഈ അഭ്യർത്ഥന. 

അതേസമയം നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്നു മഖ്യമന്തി പറഞ്ഞു. ഇവരുടെ ഫോൺ നമ്പരുകൾ മൊബൈൽ കമ്പനികളുടെ സഹായത്തോടെ നിരീക്ഷിക്കും. ടവർ ലൊക്കേഷനിൽ നിന്ന് മാറുന്നുണ്ടോയെന്നു കണ്ടെത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയും നിയന്ത്രണം ലംഘിച്ചാൽ പരാതിപ്പെടാനുള്ള ഫോൺ നമ്പരും അയൽക്കാർക്കു നൽകും. രോഗ വ്യാപനത്തിനെതിരെ കേന്ദ്രസർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലാപാടാണു സ്വീകരിക്കുന്നത്. അതേ നയം കേരളവും പിന്തുടരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒരിടത്തും ആൾക്കൂട്ടം അനുവദിക്കില്ല. വേണ്ടിവന്നാൽ 144 പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ  കലക്ടർമാർക്കു സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിദേശത്തുനിന്നു വന്നവരും ഉംറ കഴിഞ്ഞ് എത്തിയവരും ജില്ലാ ഭരണകേന്ദ്രത്തെ വിവരം അറിയിക്കണം. സമീപവാസികൾക്കും അക്കാര്യം അധികൃതരെ ബോധ്യപ്പെടുത്താം. സ്വയം അറിയിക്കാത്തവർക്കെതിരെ കർശന നടപടി.

ഇതരസംസ്ഥാന തൊഴിലാളികളെ പ്രത്യേക ക്യാംപുകളിലേക്കു മാറ്റും. വൈദ്യപരിശോധനയ്ക്കൊപ്പം ഭക്ഷണവും ഉറപ്പാക്കും. കരാറുകാരെ സർക്കാർ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളിയാക്കാമെന്നു ജില്ല കലക്ടർമാർക്കു തീരുമാനിക്കാം.