അന്ന് പ്രസിഡൻ്റ് ബോള്‍സനാരോ ബ്രസീലിൽ നിന്നും ക്യൂബൻ ഡോക്ടർമാരെ ഓടിച്ചു, അവരെ തീവ്രവാദികൾ എന്നു വിളിച്ചു; ഇന്ന് നിലവിളിക്കുന്നു, `കൊറോണ ഞങ്ങളെ കൊല്ലും, ക്യൂബാ രക്ഷിക്കൂ´

single-img
24 March 2020

കൊറോണ വൈറസ് ഭീകരതാണ്ഡവമാടുന്ന ഇറ്റലിയിലേക്ക് കമ്മ്യൂണിസ്റ്റ് ക്യൂബയിലെ ഡോക്ടർമാരുടെ സംഘം എത്തിയപ്പോൾ ഉയർന്ന ആരവം ചെറുതല്ല. വികസിത രാജ്യങ്ങൾ പോലും കൊറോണയ്ക്കു മുടക്കിയപ്പോൾ ക്യൂബ എന്ന ചെറിയ രാജ്യം തങ്ങളാലാവുന്ന വിധം കൊറോണക്കെതിരെ പോരാടുവാൻ മുന്നിലുണ്ട്.  മുൻപ് ഹെയ്തിയിൽ കോളറ ബാധിച്ചപ്പോഴും പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നുപിടിച്ചപ്പോഴും അതിനെതിരായ പോരാട്ടത്തിൽ മുന്‍നിരയിൽനിന്നതും ക്യൂബൻ ഡോക്ടർമാരായിരുന്നു. സോഷ്യലിസ്റ്റ് രാജ്യമായ വെനസ്വേല, നിക്കരാഗ്വ, ജമൈക്ക, ഗ്രനാഡ, സുറിനാം എന്നിവിടങ്ങളിലും ക്യൂബൻ സംഘം കൊറോണയ്ക്കെതിരെ പ്രവർത്തിക്കുന്നുണ്ട്.

ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയിലേക്ക് ഇതാദ്യമായാണു ക്യൂബൻ സംഘം എത്തുന്നത്. ലോകമാകെ കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ വിദഗ്ധരുടെ ആറാമതു സംഘത്തെയാണു ക്യൂബ വിദേശരാജ്യങ്ങളിലേക്കു കഴിഞ്ഞ ദിവസം അയച്ചത്. അതി വിദഗ്ധരായ ഡോക്ടർമാരുമായി ഇറ്റലിയിൽ എത്തിയ ക്യൂബയുടെ നടപടിയെ പ്രശംസിച്ചു മറ്റു ലോകരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. 

ഒന്നും ഇല്ലായ്മയിൽ നിന്നും ഉയർന്നുവന്ന രാജ്യമാണ് ക്യൂബ. ലോക സാമ്രാജ്യത്വ ഭീമനായ അമേരിക്കയ്ക്കെതിരെ നേരിട്ട് പോരാട്ടത്തിനിറങ്ങിയ രാജ്യം. നിങ്ങളുടെ ഹുങ്ക് നിങ്ങളുടെ കയ്യിൽ മതി ഞങ്ങളോട് വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ച ഫിദൽ കാസ്ട്രോയുടെ രാജ്യം. ചെഗുവേര എന്ന ലോകം ആരാധിക്കുന്ന പടനായകൻ മുന്നിൽ നിന്നും നയിച്ച് നെഞ്ചുവിരിച്ച് നടന്ന രാജ്യം. ആ രാജ്യമാണ് ഇന്ന് സമ്പന്ന രാഷ്ട്രങ്ങളുടെ കണ്ണീരൊപ്പാൻ മുന്നിൽ ഇറങ്ങിയിരിക്കുന്നത് എന്ന യാഥാർത്ഥ്യം കാലത്തിൻ്റെ കാവ്യനീതിയാണ്. 

ക്യൂബയുടെ മൊത്തം  ജനസംഖ്യ 1.3 കോടിയാണ്.  ഇത്രയും പേരെ ഒന്നിച്ച് പട്ടിണിക്കിട്ട് കൊല്ലണമെന്നതായിരുന്നു അമേരിക്കയുടെയും സാമന്ത രാജ്യങ്ങളുടെയും ഇത് വരെയുള്ള ആവശ്യം. അതിനായി ക്യൂബയിലേക്ക് ഭക്ഷണമെത്തിക്കുന്നതിൽ നിന്ന് അവർ ലോകത്തെ മുഴുവൻ വിലക്കി. പക്ഷേ ക്യൂബൻ ജനത തളർന്നില്ല. പട്ടിണിയില്ലാതെ കഴിഞ്ഞു പോകാൻ മാത്രമുള്ള കൃഷിയും  നാടിനത്യാവശ്യമായ വ്യവസായങ്ങളും കൊണ്ടുമാത്രം അവർ രാജ്യത്തെ വളർത്തി. ആവശ്യത്തിന്, അത്യാവശ്യത്തിനുള്ളത് മാത്രം അവർ പ്രകൃതിയിൽ നിന്നെടുത്തു. അതു മുഴുവൻ ജനത്തിനും തുല്യമായി വീതിച്ചു. 

കൊടിയ ദാരിദ്ര്യത്തിനിടയിലും അവർ ഒരു കാര്യം ശ്രദ്ധിച്ചു. മുഴുവൻ പേർക്കും ഉന്നത വിദ്യാഭ്യാസം കൊടുത്തു. അതുകൊണ്ടുതന്നെ ഇന്നവവർക്ക് ലോക രാജ്യങ്ങളിലേയ്ക്കയയ്ക്കാൻ മാത്രം ഡോക്ടർമാരും പാരാമെഡിക്സുമുണ്ട്. സമ്പത്തിൻ്റെയും സൈനിക ബലത്തിൻ്റേയും അടിസ്ഥാനത്തിൽ ലോകം അടക്കിപ്പിടിക്കുവാൻ വ്യഗ്രത കാണിച്ച രാജ്യങ്ങൾക്ക് ക്യൂബ എന്ന ചെറിയ രാജ്യം ഒരു അത്ഭതമാകുന്നതും ഇങ്ങനെതന്നെയാണ്. 

ക്യൂബക്കയച്ച അരിയും ഗോതമ്പും തടഞ്ഞ രാജ്യങ്ങൾ  ഇന്നവരുടെ ദയ നേരിട്ടറിയുന്നുവെന്നുള്ളതാണ് രസകരം. ബദ്ധശത്രുത കാട്ടിയ ബ്രിട്ടീഷുകാരുടെ കൊറോണാ ബാധിത യാത്രാ കപ്പലിനു അവസാനം ആശ്രയം കൊടുത്തത് ക്യൂബ മാത്രം. ഇപ്പോൾ ഇറ്റലിയിയടക്കമുള്ള കൊറോണ മരണ താണ്ഡവമാടുന്ന രാജ്യങ്ങളിലേക്ക് വലിയൊരു മെഡിക്കൽ ടീമിനെ അവർ അയച്ചിരിക്കുന്നു. ക്യൂബയെ ഈ ഭൂലോകത്തു നിന്നില്ലാതാക്കുമെന്ന് പറഞ്ഞവർക്കും  പ്രവർത്തിച്ചവർക്കും മുന്നിൽ തലയുയർത്തി അവർ നിൽക്കുന്നു. 

മരണം മുന്നിൽ കണ്ട അലറിവിളിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്കയടക്കമുള്ള ഒരു മുതലാളിത്ത രാജ്യത്തിൻ്റെയും സഹായമെത്തിയില്ല.  ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അധികാരത്തിൽ വന്നപ്പോൾ ക്യൂബന്‍ ഡോക്ടര്‍മാരെ ബ്രസ്സീലില്‍ നിന്ന് തുരത്തിയ കടുത്ത വലതുപക്ഷ വാദിയായ ജൈര്‍ ബോള്‍സനാരോ എന്ന ബ്രസീലിയന്‍ പ്രസിഡൻ്റ്  കരയുന്ന ചിത്രം ഇന്ന് ലോകം മുഴുവൻ കാണുന്നു. അന്ധമായ രാഷ്ട്രീയ വിരോധത്താൽ അവരെ “തീവ്രവാദികള്‍” എന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്തു. ഇപ്പോള്‍ കൊറോണയെ ചെറുത്ത് തോല്‍പ്പിക്കാന്‍ 1000 ഡോക്ടര്‍മാരെ വിട്ടു തരണം എന്നാവശ്യപ്പെട്ട്  ക്യൂബയോട് കരയുകയാണ് ബോള്‍സനാരോ. എന്നാൽ അതൊന്നും ക്യൂബയെ ചിരിപ്പിക്കുന്നില്ല. അന്യൻ്റെ ദുഃഖം ഞങ്ങളുടെയും ദുഃഖമാണെന്നു കരുതി അവരെ സഹായിക്കുവാൻ സന്നദ്ധതയറിയിച്ചിരിക്കുകയാണ്. 

 “ഞങ്ങളുടെ പക്കൽ ആണവായുധമില്ല,വലിയ സൈനിക ശേഷിയില്ല,പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ടാകും”-അന്ന് ഫിദൽകാസ്ട്രോ പറഞ്ഞപ്പോൾ ചിലർ ചിരിച്ചു. ചിലർ പരിഹസിച്ചു. പക്ഷേ ഇന്നറിയുന്നു ഫിദൽ കാസ്ട്രോയായിരുന്നു ശരിയെന്ന്, ക്യൂബയുടെ നിലപാടായിരുന്നു ശരിയെന്ന്. രാജ്യത്തിൻ്റേയും ലോകത്തിൻ്റേയും  സമ്പത്തും സൗകര്യങ്ങളും വിഭവങ്ങളും സർവ്വർക്കും ഒരു പോലെ വീതിക്കണമെന്ന് പറഞ്ഞതിന്,മറ്റുള്ളവർക്ക് അങ്ങനെ ജീവിച്ച് കാട്ടി കൊടുത്തതിന്, ആ കുഞ്ഞു രാജ്യം വലിയ വിലയാണ് ഇക്കാലമത്രയും കൊടുക്കേണ്ടി വന്നത്.