കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് കര്‍ശന നടപടികളുമായി സൗദി; 10000 റിയാല്‍ പിഴ,ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴയും ജയില്‍ ശിക്ഷയും

single-img
24 March 2020

രാജ്യത്ത് കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി സൗദി അറേബ്യ. കര്‍ഫ്യു ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടികളാണ് സൗദി ഏര്‍പ്പെടുത്തുന്നത്. കര്‍ഫ്യൂ ലംഘിച്ചാല്‍ 10000 റിയാലാണ് പിഴ. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. വാണ്ടും ലംഘിച്ചാല്‍ ജയില്‍ ശിക്ഷയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് ബാധയുടെ വ്യാപനം തടയുന്നതിനായി സൗദിയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സൗദിയില്‍ അടുത്ത 21 ദിവസത്തേക്ക് കര്‍ഫ്യൂ ബാധകമായിരിക്കും. ഈ സമയ പരിധിയില്‍ അവശ്യ സര്‍വിസ് ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടക്കേണ്ടി വരും.

ജനങ്ങള്‍ എല്ലാവരും അവരുടെ വീടുകളില്‍ തന്നെ കഴിയണമെന്നും കൊവിഡ് 19 പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സല്‍മാന്‍ രാജാവിന്‍രെ ഉത്തരവില്‍ പറയുന്നു. അതേസമയം ആരോഗ്യ മേഖല, സുരക്ഷാ വിഭാഗം, സൈന്യം, മാധ്യമങ്ങള്‍ എന്നിവക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ടാകും. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം പരിശോധന ശക്തമായുണ്ടാകും.