സ്വരം കടുപ്പിച്ച് പോലീസ്; വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ ഇനി സത്യവാങ്മൂലം നൽകണം

single-img
24 March 2020

തിരുവനന്തപുരം: കേരളം ഇന്ന് രാവിലെ മുതൽ കൊറോണ ജാ​ഗ്രതയുടെ ഭാ​ഗമായി സമ്പൂർണ്ണ ലോക്ഡൗണിലാണ്. ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ഭരണ കർത്താക്കൾ അഭ്യർതഥിച്ചിരിക്കുന്നത്. അതിന്റെ ഭാ​ഗമായി തന്നെ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് കേരള പോലീസ്. സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം നൽകണമെന്നാണ് പുതിയ അറിയിപ്പ്.

സ്വന്തം വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ പോലീസിന് സത്യവാങ്മൂലം എഴുതി നൽകേണ്ടിവരുമെന്ന് ഡിജിപി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. സത്യവാങ്മൂലം തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കും. സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേയ്ക്കാണ് പോകുന്നതെന്നും എഴുതി നൽകണം.ടാക്സിയും ഓട്ടോയും (ഊബർ, ഓല ഉൾപ്പെടെ) അവശ്യവസ്തുക്കൾ, മരുന്ന് എന്നിവ വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ പ്രവർത്തിപ്പിക്കാവൂ. അവശ്യസർവീസുകൾക്ക് പാസ് നൽകും. പാസുകൾ വിതരണം ചെയ്യാൻ എസ്പിമാർക്ക് നിർദേശം നൽകി.

മെഡിക്കൽ ഷോപ്പ്, പലചരക്ക് കട, ഡാറ്റാ സെൻറർ, ഇൻറർനെറ്റ്, ടെലികോം തുടങ്ങി സർക്കാരിന്റെ പ്രവർത്തനാനുമതിയുള്ള മേഖലകളിലെ ജീവനക്കാർക്കാണ് പാസ് നൽകുന്നത്. മീഡിയ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് പാസ് വേണ്ട. സ്ഥാപനങ്ങളുടെ തിരിച്ചറിയിൽ കാർഡ് കാണിച്ചാൽ മതി. എല്ലാവരും നിര്‍ദേശങ്ങൾ അനുസരിക്കണമെന്നു ഡിജിപി അഭ്യർഥിച്ചു.