ഇവരെന്താ ഇങ്ങനെ?: മാസ്ക് വലിച്ചെറിഞ്ഞ് വിമാനത്താവളത്തിൽ നിന്നും പുറത്തുകടക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ

single-img
24 March 2020

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊറോണ പരിശോധനയ്ക്ക് സഹകരിക്കാതിരുന്ന യാത്രക്കാരനെ അറസ്റ്റു ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 54 കാരനായ ഇയാൾ ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിയുകയായിരുന്നു. 

കൂടാതെ നിർദേശങ്ങൾക്ക് സഹകരിക്കാതെ വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കവേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊറോണയുടെ പശ്ചാത്തലത്തിൽ കേരളം ഇന്നു മുതൽ ലോക്ക്ഡൗണിലാണ്. മാർച്ച് 31 വരെയാണ് അടച്ചിടുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാകും പ്രവർത്തിക്കുക. പൊതു​ഗതാ​ഗതം ഉണ്ടാകില്ല. 

സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും. അവശ്യ സർ‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.