തനിക്ക് കൊറോണ വൈറസ് ബാധിച്ചെന്ന് സംശയം; ബാര്‍ബര്‍ ഷോപ്പ് ഉടമ കഴുത്തറുത്ത് ആത്മഹത്യചെയ്തു

single-img
24 March 2020

തനിക്ക് കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ കഴുത്തറുത്ത് ജീവനൊടുക്കി. യുപിയിലെ ഹാപുരിൽ പ്രദേശ വാസിയായ പില്ഖുവ സ്വദേശി സുശീല്‍കുമാര്‍(32) ആണ് ആത്മഹത്യ ചെയ്തത്. ഇയാൾ തന്റെ തന്നെ ബാര്‍ബര്‍ ഷോപ്പിലെ ഷേവിങ്ങ് ഉപകരണം ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ഏതാനുംദിവസങ്ങളിലായി ഇയാൾക്ക് പനിയും ചുമയും ഉണ്ടായിരുന്നു. അസുഖത്തെ തുടർന്ന് സമീപത്തുള്ള ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയി ചികിത്സ തേടിയെങ്കിലും പനി കുറഞ്ഞില്ല. അതോടുകൂടി തനിക്ക് കൊറോണ വൈറസ് ബാധിച്ചു എന്ന് സുശീല്‍ സ്വയം വിശ്വസിക്കുകയായിരുന്നു.

താന്‍ കാരണം തന്റെ രോഗം പകരരുതെന്നും അതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു.