കൊറോണ ഇല്ലാതാക്കുവാൻ ശേഷിയുണ്ടെന്ന് ട്രംപ് വിശേഷിപ്പിച്ച മരുന്ന് 52 വർഷം മുൻപ് തന്നെ കേരളം ഉപയോഗിക്കുന്നത്

single-img
24 March 2020

ലോകമാകെ കൊറോണാ ഭീതിയിൽ വലയുകയാണ്. കൊറോണ വൈറസിന് ഫലപ്രദമായ മരുന്നു കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് രോഗത്തെ ഇത്രത്തോളം ഭീകരമാക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് കൊറോണയെ ചെറുക്കാൻ ഒരു മരുന്നിനു സാധിക്കുമെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് രംഗത്തെത്തിയത്. എന്നാൽ കോവിഡ് ഭേദമാക്കാൻ ശേഷിയുണ്ടെന്നു ട്രംപ് വിശേഷിപ്പിച്ച ഹൈഡ്രോക്സി ക്ളോറോക്വിൻ പതിറ്റാണ്ടുകൾക്കു മുൻപ് സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഉൾപെടെ ചികിത്സക്ക് ഉപയോഗിച്ചിരുന്ന മരുന്നണെന്നാണ് വിവരം. 

ഈ മരുന്നിന്റെ  സവിശേഷതകളെ കുറിച്ചു ഇന്ത്യയും ഗവേഷണം നടത്താൻ ഒരുങ്ങുന്നതിനിടെ 52 വർഷം മുൻപ് ഈ മരുന്ന് ഉപയോഗിച്ചു സർക്കാർ ആശുപത്രിയിൽ ചികിത്സ  നടത്തിയ ഓർമകൾ പങ്കു വെയ്ക്കുകയാണ് ആരോഗ്യ വകുപ്പ് റിട്ട.ഡപ്യൂട്ടി ഡയറക്ടറായ 76 കാരൻ ഡോ.കാനം ശങ്കരപ്പിള്ള. 

കേരളം ചികിത്സ രംഗത്ത് പ്രവേശിക്കുന്ന 1968 കാലത്ത് ഏറെ ഉപയോഗിക്കപ്പെട്ട മരുന്നുകളിൽ ഒന്നായിരുന്നു ക്ളോറോക്വിൻ ഗുളിക. മലേറിയക്ക് എതിരെ കേരളം ശക്തമായി  പോരാട്ടം നടത്തിയിരുന്ന കാലം കൂടിയായിരുന്നു അത്. മലേറിയ രോഗിയെ കണ്ടെത്തി കഴിഞ്ഞാൽ വിവരം ആദ്യം ഡിഎംഒയെ അറിയിക്കണം അക്കാലത്ത്. തുടർന്നു അവിടെ നിന്നാണ് ക്ളോറോക്വിൻ ഗുളിക എത്തിച്ചു നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മലേറിയ ആദ്യമായി നിർമാർജനം ചെയ്ത ബഹുമതി കേരളത്തിനു അന്ന് കിട്ടാൻ കാരണം ആയതും ഈ ഗുളികയുടെ ശരിയായ രീതിയിൽ ഉള്ള നിയന്ത്രിത  ഉപയോഗം ആണ്. പിന്നീട് ഈ ഗുളിക അന്ന് ഒട്ടേറെ പേർക്കുണ്ടായ അമീബിയ എന്ന പരാഗം കൊണ്ട് ഉണ്ടാകുന്ന കരൾ പഴുപ്പ് രോഗത്തിനും ഉപയോഗിച്ചു തുടങ്ങി.

എരുമേലിയിൽ ജോലി നോക്കുന്ന കാലം. അമീബിക് ലിവർ ആബ്സസ് എന്ന കരൾ പഴുപ്പ് രോഗവും ആയി പലരും ചികിത്സക്ക് എത്തി. ആദ്യം കിട്ടിയ കേസ് സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന സെയ്ദ് മുഹമ്മദിന്റെ ഒരു ബന്ധു ആണ്. കാൻസർ എന്ന് പറഞ്ഞു എറണാകുളം ജില്ലാ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കു വിട്ട കേസ് ആയിരുന്നു അത്. മെഡിക്കൽ  കോളജിൽ നിന്നു രക്ഷ പെടില്ല എന്നു പറഞ്ഞ് വീട്ടിലേക്കു വിട്ടു. ഇവർ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകും വഴി ആരോ പറഞ്ഞു എരുമേലി ഹെൽത്ത് സെന്ററിൽ കയറി. 

ഒറ്റ നോട്ടത്തിൽ തന്നെ രോഗം പിടി കെട്ടി. വരാന്തയിൽ രോഗികളുടെ മുൻപിൽ വച്ചുതന്നെ നീളമുള്ള ഒരു സൂചികൊണ്ട് ഒരു തൊട്ടി നിറയെ പഴുപ്പ് വലിച്ചെടുത്തു. താമസിയാതെ ഇതേ ലക്ഷണവും ആയി കൊരട്ടിയിൽ നിന്നും ഒരു തടി അറപ്പുകാരനെയും എത്തിച്ചു. അക്കാലത്ത് ഇത്തരം രോഗികളെ രക്ഷ പെടുത്തിയത് രണ്ടു മരുന്നുകൾ കൊണ്ടാണ്. ഒന്ന് എമെറ്റിൻ എന്ന ഗുരുതരമായ ഭവ്യഷത്തുക്കൾ ഉണ്ടാക്കാവുന്ന കുത്തി വയ്പ്. മറ്റൊന്ന് ക്ളോറോക്വിൻ ഗുളികയും. അമീബിക് ലിവർ ചികിത്സയിലും ക്ളോറോക്വിൻ അന്ന് രക്ഷകൻ ആവുക ആയിരുന്നു. 

ഒരു പ്രൈമറി ഹെൽത്ത് സെന്റർ ഡോക്ടർക്ക് ചികത്സിക്കാവുന്ന ഒന്നായിരുന്നു അക്കാലത്ത് അമീബിക് രോഗം. കോവിഡ് ബാധയിലും ക്ളോറോക്വിൻ ഗുണം ചെയ്യുമോ എന്ന് ഇനി ഗവേഷണ ഫലത്തിനായി കാത്തിരിക്കാമെന്നും ഡോ.കാനം ശങ്കരപ്പിള്ള പറയുന്നു.