ആപത്തുകാലത്ത് തങ്ങളെ സഹായിച്ച ഇന്ത്യയോട് കൊറോണയെ കീഴടക്കിയ വിധം പങ്കുവയ്ക്കും: സഹായങ്ങളും നൽകുമെന്ന് ചെെന

single-img
24 March 2020

മാരകമായ കൊറോണ വൈറസിനെതിരായ ബീജിംഗിൻ്റെ പോരാട്ടത്തെ സഹായിച്ച ഇന്ത്യയ്ക്ക് പ്രംശസ അറിയിച്ച് ചെെന. കോവിഡ് -19നെ തങ്ങൾ പ്രതിരോധിച്ച രീതിയും പ്രതിരോധ മാർഗ്ഗങ്ങളും ഇന്ത്യയുമായി പങ്കിടാൻ തയ്യാറാണെന്നും ചെെന വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച വുഹാൻ നഗരത്തിലേക്ക് ഫെബ്രുവരി 26 ന് സൈനിക വിമാനം മുഖേന മാസ്ക്കുകൾ, കയ്യുറകൾ, മറ്റ് അടിയന്തിര മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 15 ടൺ വൈദ്യസഹായം ഇന്ത്യ അയച്ചിരുന്നു. അതോടൊപ്പം 112 ഇന്ത്യക്കാരെയും നിരവധി വിദേശ പൗരന്മാരെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ 19 രാജ്യങ്ങളിലെ പ്രാദേശിക സർക്കാരുകൾക്ക് ചൈന സഹായം നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. ഈ രാജ്യങ്ങളുടെ പേരുകളും അദ്ദേഹം പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതിനെപ്പറ്റി ചോദിച്ചപ്പോൾ ഇന്ത്യയ്ക്കും ചൈനയ്ക്കും തടസ്സമില്ലാത്ത എക്സ്ചേഞ്ച് ചാനലുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ചൈനയും ഇന്ത്യയും നിരന്തരം  ആശയവിനിമയം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ അവസ്ഥയിൽ തങ്ങൾക്കുള്ള ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രിയും ചൈനയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ചെെനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. 

“ഞങ്ങൾക്ക് ഇന്ത്യൻ ഭാഗത്തു നിന്ന് സഹായം ലഭിച്ചു, ഞങ്ങൾ അതിൽ ഇന്ത്യയെ അഭിനന്ദിക്കുന്നു. ഞങ്ങൾക്ക് പരസ്പരം വിവരങ്ങൾ കെെമാറുവാനുള്ള സംവിധാനമുണ്ട്. ചൈന സമയബന്ധിതമായി വിവരങ്ങൾ ഇന്ത്യയെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ,” അദ്ദേഹം പറഞ്ഞു.

ചൈനയിലെ ഇന്ത്യക്കാർക്ക് ഞങ്ങൾ സഹായവും ആവശ്യമായ സൗകര്യവും നൽകുന്നുണ്ട്. അവരുടെ ആരോഗ്യവും സുരക്ഷയും ഞങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “പകർച്ചവ്യാധി പടരുമ്പോൾ, ഇന്ത്യയിലെ സ്ഥിതിയും ഞങ്ങൾ ശ്രദ്ധിച്ചു. ഒരു ബില്യണിലധികം ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൈനയും ഇന്ത്യയും. വൈറസ് എല്ലാവർക്കും ഒരു വെല്ലുവിളിയാണ്, ഞങ്ങളുടെ അനുഭവം ഇന്ത്യൻ പക്ഷവുമായി പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യക്ക് ആവശ്യമായ സഹായം നൽകാനും തീരുമാനമുണ്ട്- അദ്ദേഹം പറഞ്ഞു.

ചൈനീസ് മെയിൻ ലാന്റിൽ സ്ഥിരീകരിച്ച കേസുകൾ ഞായറാഴ്ച അവസാനത്തോടെ 81,093 ആയി. ഇതിൽ 3,270 പേർ മരിച്ചു, 5,120 രോഗികൾ ഇപ്പോഴും ചികിത്സയിലാണ്, 72,703 രോഗികൾ സുഖം പ്രാപിച്ചു. അവരെ ഡിസ്ചാർജ് ചെയ്തതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.