ശ്രീറാം വെങ്കിട്ടരാമൻ എത്തുന്നത് തനിക്കെതിരെ മൊഴി നൽകിയ ആരോഗ്യ ജീവനക്കാരുടെ തലവനായി

single-img
23 March 2020

മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ വിവാദ കേസിൽ ഒന്നാംപ്രതിയായതിനെ തുടർന്ന് സസ്‌പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമാകുന്നു. കൊറോണ പ്രതിരോധ ചുമതലയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണ് ഡോക്‌ടർ കൂടിയായ ശ്രീറാമിന് പുതിയ നിയമനം. മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങിയെങ്കിലും അദ്ദേഹം ചുമതലയേറ്റിട്ടില്ലെന്നാണറിവ്. 

സസ്‌പെൻഷൻ ഇനിയും നീട്ടാനാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തതെന്നാണ് സർക്കാരിൻ്റെ വിശദീകരണം. അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിയമിച്ചത് കേസ് അട്ടിമറിക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെയുള്ളവർ സാക്ഷികളാണ്. ഇവരുടെ തലപ്പത്തേക്കാണ് ജോയിൻ്റ് സെക്രട്ടറി പദവിയിൽ ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്. 

ഇയാൾ ആരോഗ്യവകുപ്പിൽ വരുന്നത് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ഇടവരുത്തുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ആശങ്കപെടുന്നു. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ആദ്യം രേഖപ്പെടുത്തിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്‌ടറായിരുന്നു. കേസിലെ സാക്ഷിയായ അദ്ദേഹം രേഖപ്പെടുത്തിയത് നിർണായക രേഖയുമാണ്. ഡോക്ടറുടെ വകുപ്പിൽത്തന്നെ ഉന്നത ഉദ്യോഗസ്ഥനായി ശ്രീറാം എത്തുന്നതോടെ സാക്ഷിക്കുമേൽ സമ്മർദ്ദമോ ഭീഷണിയോ ഉണ്ടായേക്കാമെന്നും അരോഗ്യ പ്രവർത്തകർക്ക് അഭ്യൂഹമുണ്ട്. 

 കൂടാതെ, രക്തപരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശ്രീറാം അതിനു തയ്യാറായില്ലെന്ന് മൊഴിനൽകിയ സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ളവർക്കും കോടതിയിൽ വിചാരണ നടക്കുമ്പോൾ സമ്മർദ്ദമുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളിലും കൃത്രിമം വരുത്താൻ സാദ്ധ്യതയുണ്ടെന്നും ചിലർ പറയുന്നു. 

അപകടസമയത്ത് ശ്രീറാം നൂറു കിലോമീറ്ററിലധികം വേഗത്തിലാണ് കാറോടിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. അതിവേഗത്തിൽ വന്ന കാർ ബൈക്കിലും മതിലിലും ഇടിച്ചപ്പോൾ ഡ്രൈവർക്ക് ഉണ്ടാകാനിടയുള്ള പരിക്കുകളാണ് ശ്രീറാമിനുണ്ടായിരുന്നതെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടറും മൊഴിനൽകിയിരുന്നു. ഇതെല്ലാം അട്ടിമറിക്കാനും ആരോഗ്യവകുപ്പിലെ നിയമനം വഴി സാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.