സാമൂഹ്യ അകലത്തിന് പകരം ‘പാത്രം കൊട്ടലിലൂടെ’ ഉത്സവ അന്തരീക്ഷത്തിലേക്ക് മാറ്റിയതിന് കാരണം പ്രധാനമന്ത്രി; ആരോപണവുമായി ശിവസേന

single-img
23 March 2020

ജനതാ കർഫ്യു ദിവസം രാജ്യമാകെ ജനങ്ങള്‍ തെരുവിലിറങ്ങി പാത്രങ്ങള്‍ കൊട്ടി ആഘോഷമാക്കിയ നടപടി കേന്ദ്രസര്‍ക്കാരിന്റെ കൊറോണ വൈറസ് വ്യാപനത്തോടുള്ള ലാഘവത്വത്തിന്റെ പ്രതിഫലനമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഭയവും ഭീതിയും നിലനിന്ന അന്തരീക്ഷത്തില്‍ നിന്ന് കൊറോണവ്യാപന സമയത്തെ ഉത്സവ അന്തരീക്ഷത്തിലേക്ക് മാറ്റിയതിന് കാരണം പ്രധാനമന്ത്രിയാണെന്നുംഅദ്ദേഹം ആരോപിച്ചു.

കൊറോണ വ്യാപനത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ജനങ്ങളെല്ലാവരും ടെറസിന്റെ മുകളിൽ കയറി നിന്ന് പാത്രങ്ങള്‍ കൊട്ടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും ഇത് ആഘോഷമായാണ് നടന്നത്.

സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം ഇതുവഴി പലയിടത്തും ലംഘിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. ‘നമ്മുടെ പ്രധാനമന്ത്രി ഇപ്പോള്‍ നമ്മോടു പറയുന്നത് ജനങ്ങള്‍ സാമൂഹ്യ അടച്ചുപൂട്ടല്‍ കാര്യമായെടുത്തില്ല എന്നാണെന്ന് റാവത്ത് പരിഹസിച്ചു. സര്‍ക്കാര്‍ കാര്യങ്ങളെ ഗൗരവപരമായാണ് കാണുന്നതെങ്കില്‍ ജനങ്ങളും അങ്ങനെ കണക്കാക്കുമെന്നും റാവത്ത് പറഞ്ഞു.