തമിഴ് സുഹൃത്തേ നിൻ്റെ കെെയിൽ നിന്നും അഞ്ചു വർഷം മുമ്പ് നഷ്ടപ്പെട്ട അഞ്ചു പവൻ്റെ മാലയും നവരത്നമോതിരവും തിരിച്ചു കിട്ടിയിരിക്കുന്നു: അതുമായി ഇതാ ഞാൻ നിന്നെ കാത്തിരിക്കുന്നു

single-img
23 March 2020

അഞ്ചു വർഷം മുമ്പ് തമിഴ് സൃഹൃത്തിൽ നിന്നും നഷ്ടപ്പെട്ട അഞ്ചു പവൻ്റെ മാലയും നവരത്ന മോതിരവും തിരിച്ചു കിട്ടിയ സന്തോഷം പങ്കുവച്ച് മലയാളിയായ ഷഫീർ ബാവു.  ഗൾഫിൽ കമ്പനിയിൽ ഉണ്ടായിരുന്ന ഒരു തമിഴ് പയ്യൻ വെക്കേഷൻ പോകുന്നതിനു മുമ്പേ പെങ്ങൾക്ക് കൊടുക്കാൻ ഒരു മാലയും അവനിടാൻ ഒരു നവരത്ന മോതിരവും വാങ്ങിയതാണെന്നും എന്നാൽ അത് നഷ്ടപ്പെട്ട വേദനയോടെ അവന് തിരിച്ചു പോകേണ്ടി വന്നുവെന്നും ഷഫീർ ബാവു പറയുന്നു. 

Support Evartha to Save Independent journalism

പിന്നീട് അയാൾ കമ്പനി മാറിപ്പോയി. എന്നാൽ അന്നവൻ യാത്ര ചെയ്ത ആ കമ്പനി വാഹനം വിൽക്കുന്നതിനു മുന്നോടിയായി പരിശോധിച്ചപ്പോഴാണ് സാധനം കെെയിൽ കിട്ടയതെന്നും ഷഫീർ പറയുന്നു. മൂന്നാലു കൊല്ലമായി ആ യുവാവുമായി ബന്ധമില്ലെന്നും ഇപ്പോൾ ബഹ്റൈനിൽ ആണെന്നറിയാമെന്നും ഷഫീർ പറയുന്നു. പിന്നെ ഫേസ് ബുക്കിൽ ചികഞ്ഞ് അവനൊരു മെസ്സേജും ഫോട്ടോയും വിട്ടു മറുപടിക്കായി കാത്തിരിക്കുന്നുവെന്നും ഷഫീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ്. 

ഫേസ്ബുക്ക് പോസ്റ്റ്: 

അഞ്ച് വർഷങ്ങൾക്കു മുമ്പേ കളഞ്ഞുപോയ ഒരു സാധനം..നഷ്ടപെട്ടവൻ പോലും മറന്നു തുടങ്ങിയ ആ സാധനം തിരിച്ചു കിട്ടിയാൽ സന്തോഷമാകില്ലേ? അതൊരു 5 പവന്റെ മാലയും നവരത്നമോതിരവും ആണെങ്കിലോ?.

എന്റെ കമ്പനിയിൽ ഉണ്ടായിരുന്ന ഒരു തമിഴ് പയ്യൻ വെക്കേഷൻ പോകുന്നതിനു മുമ്പേ വാങ്ങിവച്ചതായിരുന്നു പെങ്ങൾക്ക് കൊടുക്കാൻ ഒരു മാലയും അവനിടാൻ ഒരു നവരത്ന മോതിരവും .നാട്ടിൽ പോകുന്നതിന് തലേ ദിവസം അവന്റെ ക്യാമ്പിലുള്ള റൂം ഒഴിവാക്കി കൊടുക്കണം.. സമയമില്ലാത്തത് കൊണ്ട് സാധനങ്ങളെല്ലാം വലിച്ചു വാരി കമ്പനി വണ്ടിയുടെ ബാക്ക് സീറ്റിലും ബാക്കിവന്നത് ഡിക്കിയിലുമൊക്കെയിട്ട് ദോഹയിലേക്ക് പാഞ്ഞു…

നാട്ടിലേക്ക് കൊണ്ട് പോകേണ്ട സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ ആണ് മോതിരവും മാലയും തിരയുന്നത്..എല്ലായിടത്തും നോക്കി .ഒരു രക്ഷയുമില്ല.നഷ്ടപ്പെട്ടിരിക്കുന്നു..ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയതാണ് .മോതിരത്തേക്കാൾ അവന്റെ പെങ്ങൾക്ക് ആദ്യമായി വാങ്ങിയ മാല പോയതിലാണ് അവന് സങ്കടം മുഴുവനും..ആ വിഷമവും ഉള്ളിലൊതുക്കി അവൻ നാട്ടിലേക്ക് പോയി.

അന്നവൻ യാത്ര ചെയ്ത ആ കമ്പനി വണ്ടി ഇന്ന് വിൽക്കുകയാണ്..അത് വാങ്ങാനുള്ള ആൾ അര മണിക്കൂറിനുള്ളിൽ എന്റെ റൂമിന്‌ മുമ്പിൽ എത്തും. വരുന്നതിന് മുമ്പേ വണ്ടിയിൽ ജാക്ക് ലിവർ ബാക്കി ടൂൾസ് എല്ലാം ഉണ്ടോ എന്നുറപ്പ് വരുത്താൻ വേണ്ടി ഡിക്കി തുറന്ന് പരിശോധന തുടങ്ങി. അഞ്ച് വർഷമായിട്ടും ഒന്നു പഞ്ചറാക്കി പോലും ഈ വണ്ടി എന്നെ വഴിയിൽ പെടുത്തിയിട്ടില്ല. അതുകൊണ്ട് ടയറുകൾ മാറേണ്ടി വന്നിട്ടുണ്ടെങ്കിലും പഴയ സ്റ്റെപ്പിനി ഇന്നുവരെ പുറത്തെടുക്കേണ്ടതായി വന്നിട്ടില്ല. എന്നാലും സ്റ്റെപ്പിനി വെറുതെ പൊക്കി നോക്കിയപ്പോൾ ആണ് അതിനിടയിൽ കുടുങ്ങി കിടക്കുന്ന sky jewellery ബോക്‌സ് കണ്ണിൽ പെട്ടത്..തുറന്നു നോക്കിയപ്പോൾ നഷ്ടപ്പെട്ട ആ പഴയ മാലയും മോതിരവും. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥ.

മൂന്നാലു കൊല്ലമായി ഒരു ബന്ധവുമില്ല അവനുമായി..ഇപ്പോൾ ബഹ്റൈനിൽ ആണെന്നറിയാം അതും ഫേസ് ബുക്കിൽ എപ്പോഴോ കണ്ട ഓർമയാണ്..പിന്നെ ഫേസ് ബുക്കിൽ ചികഞ്ഞ് അവനൊരു മെസ്സേജും ഫോട്ടോയും വിട്ടു മറുപടിക്കായി കാത്തിരുന്നു…. കൂടാതെ മുഖപുസ്തകത്തിൽ തന്നെ ഫാമിലി മെംബേഴ്സിൽ ചികഞ്ഞ് ഓരോ മെസ്സേജ് അവന്റെ സഹോദരനും സഹോദരിക്കും വിട്ടു. അവനെ പോലെ തന്നെ ഇതുവരെ ആരും അതൊന്നും നോക്കിയിട്ടില്ല. കുറച്ചു സമയം മുമ്പ് ഒരു കൂട്ടുകാരനെ കണ്ടെത്തി അവന്റെ നമ്പർ സംഘടിപ്പിച്ചു. അതും switched off.. ആ നമ്പറിലുള്ള വാട്സ്ആപ്പിൽ മെസ്സേജും വിട്ടു പോരാത്തതിന് വിളിച്ചും നോക്കി..അവിടെയുമില്ല പഹയൻ..

എന്തായാലും അവൻ ഇന്ന് തന്നെ വിളിക്കും.. ഉറപ്പ്.

അന്ന് വിലപ്പെട്ടത് നഷ്ടപ്പെടുമ്പോളുള്ള വിഷമം അവന്റെ മുഖത്ത് നേരിട്ടു കണ്ടതാണ് ഞാൻ..പക്ഷെ ഇപ്പോഴവനിത് തിരിച്ചു കിട്ടുമ്പോൾ ഉള്ള അവന്റെ സന്തോഷം എനിക്ക് കാണാൻ പറ്റില്ലല്ലോ..

എന്തായാലും ഇന്നലെ വണ്ടി വാങ്ങാൻ വരാന്ന് പറഞ്ഞിട്ട് വരാതിരുന്ന മിസ്റിക്ക് കൊറോണ കാരണം കെട്ടിപിടുത്തം ഒഴിവാക്കി ഒരു ഫ്‌ളയിങ് കിസ് മാത്രം..കാരണം അയാൾ ഇന്നലെ വണ്ടി കൊണ്ടു പോയിരുന്നെങ്കിൽ അവനിത് തിരിച്ചു കിട്ടില്ലായിരുന്നു…

അവനിത് തിരിച്ചുകിട്ടിയതിൽ ഒരുപാട് സന്തോഷം. അതിന് ഞാൻ ഒരു നിമിത്തം ആയി എന്നോർക്കുമ്പോൾ പിന്നെയും പെരുത്ത് സന്തോഷം..

അഞ്ച് വർഷങ്ങൾക്കു മുമ്പേ കളഞ്ഞുപോയ ഒരു സാധനം..നഷ്ടപെട്ടവൻ പോലും മറന്നു തുടങ്ങിയ ആ സാധനം തിരിച്ചു കിട്ടിയാൽ…

Posted by Shafeer Bavu on Sunday, March 22, 2020