കേന്ദ്ര സർക്കാരിന്റെ ലോക്ക് ഡൗണിൽ കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്സ് ക്ളോസ് ചെയ്തത് 3,934.72 പോയന്റ് നഷ്ടത്തില്‍

single-img
23 March 2020

കൊറോണയെ നേരിടാൻ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിപണി തുടക്കത്തില്‍ തന്നെ കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞദിവസം തന്നെ വിപണി മൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ 45 മിനിറ്റ് സമയം വ്യാപാരം നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. അതിന് ശേഷം വ്യാപാരം തുടങ്ങിയപ്പോഴും സൂചികകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

അവസാനം സെന്‍സെക്സ് 3,934.72 പോയന്റ് (13%) നഷ്ടത്തില്‍ 25,981.24ലിലും നിഫ്റ്റി 1,135.20 പോയന്റ്(13%) താഴ്ന്ന് 7,610.25ലുമാണ് ക്ലോസ് ചെയ്തത്. പ്രധാനമായും ധനകാര്യ ഓഹരികളാണ് വലിയ നഷ്ടംനേരിട്ടത്. അവയിൽ തന്നെ സ്വകാര്യ ബാങ്ക് സൂചികകയാണ് ഏറ്റവും നഷ്ടമുണ്ടാക്കിയത്.

വിപണിയില്‍ കനത്ത നഷ്ടം നേരിട്ടത് ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, അള്‍ട്രാടെക് സിമന്റ്, ശ്രീ സിമന്റ്, ഐസിഐസിഐ എന്നീ ഓഹരികള്‍ക്കാണ്. ആക്സിസ് ബാങ്ക് ഓഹരി വില 28 ശതമാനം ഇടിഞ്ഞ് 310 നിലവാരത്തിലെത്തി.

അതേപോലെ തന്നെ എച്ച്ഡിഎഫ്സി ബാങ്ക് 13 ശതമാനവും ഐസിഐസിഐ ബാങ്ക് 18 ശതമാനവും ഇന്‍ഡസിന്റ് ബാങ്ക് 23 ശതമാനവും ബജാജ് ഫിനാന്‍സ് 24 ശതമാനവും തകര്‍ന്നടിഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലും സമാനമായ ഇടിവുണ്ടായി.