യുപിയില്‍ ജനതാ കര്‍ഫ്യുവിനിടെ എസ്പിയും ജില്ലാ മജിട്രേറ്റും പങ്കെടുത്ത് ഘോഷയാത്ര; പോലീസിനെതിരെ വിമര്‍ശനം

single-img
23 March 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിൽ യുപിയിൽ ഘോഷയാത്ര നടത്തുകയും അതിൽ എസ്പിയും ജില്ലാ മജിട്രേറ്റും പങ്കെടുക്കുകയും ചെയ്തത് വിവാദമാകുന്നു. ഇതിന്റെ വീഡിയോ പുറത്തായതോടെ യുപി പോലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കര്‍ഫ്യൂവിന്റെ ഭാഗമായി വൈകുന്നേരം ജനങ്ങൾ വീടുകളില്‍നിന്ന് കൈയടിച്ചും പാത്രങ്ങള്‍ കൊട്ടിയും ആരോഗ്യപ്രവര്‍ത്തകരോട് നന്ദി അറിയിച്ചിരുന്നു.

അങ്ങിനെ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് യുപിയിലെ പിലിഭിത്തില്‍ ഘോഷയാത്ര നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ എസ്പി അഭിഷേക് ദീക്ഷിതും ജില്ലാ മജിസ്ട്രേറ്റ് വിഭവ് ശ്രീവാസ്തവയുമാണ്
ഈ ജാഥക്ക് നേതൃത്വം നല്‍കിയതെന്നാണ് ആരോപണം. ചെറിയ കുട്ടികളടക്കം ഈ ജാഥയിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പിലിഭിത്ത് പോലീസ് വിശദീകരണവുമായി രംഗത്തെത്തി.

‘ജില്ലാ മജിസ്ട്രേറ്റും എസ്പിയും ഒരിക്കലും കര്‍ഫ്യൂ ലംഘനം നടത്തിയിട്ടില്ല. അവിടെയുള്ള ചില ആളുകള്‍ തെരുവകളിലെ വീടുകളില്‍ നിന്ന് ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. അവരോട് സ്വന്തം വീടുകളിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ബലപ്രയോഗം നടത്തുന്നത് ന്യായമല്ലാത്തത്ക്കൊണ്ട് അതുണ്ടായില്ല. സംഭവത്തിൽ ഏകപക്ഷീയമായ പ്രചാരണമാണ് നടത്തുന്നത്’ പോലീസ് പറയുന്നു.

എന്നാൽ വിവാദത്തിൽ എസ്പിക്കും ജില്ലാ മജിസ്ട്രേറ്റിനുമെതിരെ പിലിഭിത്ത് എംപി വരുണ്‍ ഗാന്ധി രംഗത്തെത്തി. ഘോഷയാത്രയുടെ ബന്ധപ്പെട്ട് എസ്പിയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്‍ഫെയും ഭാഗത്ത് നിന്നും നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. താൻ ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിലാണ്. ജനതാകര്‍ഫ്യൂവിനിടെ നടന്ന ഈ സംഭവത്തില്‍ അന്വേഷണം വേണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു.