ജനാലയുള്ള മുറി, വിഐപി സൗകര്യം എന്നിവ വേണമെന്നു വാശിപിടിച്ച് കൊറോണ ബാധിച്ച കാസർഗോഡുകാരൻ: പരിശോധനയ്ക്ക് എത്തിയ ഇയാളുടെ സമ്പർക്ക പട്ടികയിലുള്ളവരെക്കൊണ്ടു ജനറൽ ആശുപത്രിയും പരിസരവും നിറഞ്ഞു

single-img
23 March 2020

ദുബായിൽനിന്ന് നാട്ടിലെത്തി കൊറോണ രോഗം സ്ഥിരീകരിച്ച കാസർഗോഡ്  ഏരിയാൽ സ്വദേശി ആശുപത്രിയിൽ കഴിയുന്നത് വിഐപി പരിഗനയിലെന്ന് റിപ്പോർട്ടുകൾ. ആരോഗ്യവകുപ്പ് ജീവനക്കാരെ വെല്ലുവിളിച്ചാണ് ഇയാൾ  കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നതെന്നാണ് പുറത്തു വരുന്നവിവരം. ഇയാളുടെ വാശിയും നിസഹകരണ മനോഭാവവും മൂലം ഒരുക്കിക്കൊടുക്കേണ്ടി വന്ന പ്രത്യേക മുറിയിലാണ് ഇപ്പോൾ താമസം. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐസൊലേഷൻ വാർഡിൽ ഒരുക്കി കൊടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

ജീവനക്കാർ പറയുന്നതൊന്നും കേൾക്കാതെയും തീരെ അനുസരിക്കാതെയുമാണ് വാർഡിലെ മുറിയിൽ ഇയാൾ കഴിയുന്നത്. ജനാലയുള്ള മുറി വേണമെന്ന് പറഞ്ഞാണ് ആദ്യദിവസം തന്നെ ഇയാൾ ജനറൽ ആശുപത്രിയിൽ ബഹളമുണ്ടാക്കിയത്. രോഗബാധിതന്റെ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാതിരിക്കുന്നത് ആക്ഷേപത്തിന് കാരണമാകും എന്ന് കരുതി അതിന് വഴങ്ങിയ ആരോഗ്യവകുപ്പ് അധികൃതർ വാർഡിലെ സാമാന്യം നല്ല മുറി ഇയാൾക്കായി ഒരുക്കി കൊടുത്തിരുന്നു. 

ആരോഗ്യപ്രവർത്തകരെ പോലും വകവയ്ക്കാതെയാണ് ഇയാൾ മുറിക്കുള്ളിൽ പെരുമാറുന്നത്. കൈകഴുകാനുള്ള ബെയ്‌സിനും ബാത്റൂമുമൊക്കെ ഉണ്ടായിട്ടും മുറിയുടെ ജനലുകൾ തുറന്നിട്ട് അതിലൂടെ പുറത്തേക്ക് തുപ്പി കൊണ്ടിരിക്കുകയാണ് ഇയാളുടെ വിനോദമെന്ന് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. വളരെ ഗുരുതരമായ നടപടിയാണ് ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ആരോഗ്യവകപ്പ് ജീവനക്കാരും പറയുന്നു.

ദുരൂഹത നിറഞ്ഞ സഞ്ചാരപഥം ആയതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ജില്ലാ ഭരണകൂടവുമായി സഹകരിക്കാതിരുന്നത് പോലെ തന്നെ വാർഡിനുള്ളിൽ ചികിത്സ നടത്തുന്നതിനും ഇയാൾ സഹകരിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാമ്പിൾ പരിശോധനക്ക് അയച്ചതിന് ശേഷം പുറത്തിറങ്ങാൻ പാടില്ലെന്നും കർശനമായ നിരീക്ഷണം വേണമെന്നും പറഞ്ഞു വീട്ടിലേക്ക് പറഞ്ഞുവിട്ട ഇയാൾ നാട്ടിലാകെ ചുറ്റിക്കറങ്ങിയതു കാരണം കാസർകോട് മുഴുവൻ കൊറോണ രോഗം പടരുന്നതിൻ്റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. എട്ടു ദിവസം സ്ഥിരമായി ബന്ധുവീടുകളിൽ ഇയാൾ പോയിരുന്നു. ഇയാൾ ഒന്നിലധികം തവണ പോയിരുന്ന ബന്ധുവീടുകളിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇന്നലെ പരിശോധനക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. 

രണ്ടര വയസും 11 വയസുമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയതോടെ ഇയാളുടെ സമ്പർക്ക പട്ടികയിലുള്ളവരെക്കൊണ്ട് കാസർകോട് ജനറൽ ആശുപത്രിയും പരിസരവും നിറഞ്ഞുകവിഞ്ഞിരുന്നു. തിരക്ക് കാരണം ആശുപത്രിയിലെ ആരോഗ്യവകുപ്പ് അധികൃതരും നന്നായി വിഷമിച്ചു. ചികിത്സ തേടി എത്തിയ ഇവരിൽ പലരെയും കാസർകോട് ഗവ. ഹൈസ്‌കൂളിലെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഏരിയാൽ സ്വദേശിയുടെ സുഹൃത്തും ധിക്കാരപരമായാണ് ആരോഗ്യവകുപ്പ് അധികാരികളോടും നാട്ടുകാരോടും പെരുമാറുന്നതെന്നും അരോഗ്യ പ്രവർത്തകർ പറയുന്നു. പൊലീസ് കേസെടുത്തിട്ടും നിരീക്ഷണത്തിലിരിക്കെ ഇറങ്ങിനടന്ന ഇയാൾ വീണ്ടും പലരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്.