യുകെയില്‍ നിന്ന് എറണാകുളത്ത് എത്തിയ രണ്ടുപേര്‍ നിരീക്ഷണത്തില്‍ നിന്നു മുങ്ങി

single-img
23 March 2020

കൊച്ചി: വിദേശത്തു നിന്ന് എത്തിയതിനെ തുടര്‍ന്ന് എറണാകുളത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ മുങ്ങി. പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് കടന്നുകളഞ്ഞത്. കഴിഞ്ഞയാഴ്ച യു കെയില്‍ നിന്ന് നാട്ടിലെത്തിയവരാണ് ഇവര്‍.

നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കാതെയാണ് ഇരുവരും കടന്നുകളഞ്ഞതെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. ഇവര്‍ക്കെതിരെ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പത്തനംതിട്ട മെഴുവേലിയില്‍ നിന്ന് രണ്ടു പേര്‍കടന്നുകളഞ്ഞിരുന്നു. അമേരിക്കയില്‍ നിന്ന് എത്തിയ ഇവര്‍ തിരിച്ച് അമേരിക്കയിലേക്ക് രക്ഷപെട്ടതായി കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെയും, ആരോഗ്യപ്രവര്‍ത്തകരേയും ഒരു പോലെ പ്രതിസന്ധിയിലാക്കുകയാണ് ഈ മുങ്ങല്‍ വിദഗ്ദ്ധര്‍. നേരത്തെയും ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരും , രോഗബാധിതരുമായ ചിലര്‍ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് കടന്നുകളയാന്‍ ശ്രമം നടത്തിയിരുന്നു. ഇവരെ ഏറെ ശ്രമപ്പെട്ടാണ് പിടികൂടിയത്.