‘താരമൊക്കെ ശരി, ഭൂമിയിൽ നിൽക്കണം, രോഗിയെപ്പോലെ പെരുമാറിയാല്‍ മതി’; കനികയ്‌ക്കെതിരേ അധികൃതര്‍

single-img
23 March 2020

‘വിവരക്കേട് ഒരു രോ​ഗമല്ല, അതൊരു ജീവിതാവസ്ഥയാണ്’. കൊറോണ ബാധ ഭീതിയിൽ കഴിയുന്ന ഇന്ത്യയിലേക്ക വിദേശ പര്യ‍ടനം നടത്തി തിരിച്ചു വന്ന് ആരെയും അറിയിക്കാതെ സാമൂഹുക വ്യാപനം നടത്തിയ ബോളിവുഡ് ഗായിക കനിക കപൂറിന് വലിയ വിമർ‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. അതിനിടയിൽ ആശുപത്രിയിൽ ഐസോലെഷനിൽ കഴിയുന്ന നടിയുടെ പ്രവർത്തനങ്ങളും വിമർശനങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്.

തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് നേരത്തെ കനിക ആരോപിച്ചിരുന്നു. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു മാധ്യമത്തോട് പറഞ്ഞു. സംഭവം വലിയ ചര്‍ച്ചയായതോടെ കനികയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാജീവ് ഗാന്ധി പി.ജി.ഐ.എം.എസ് അധികൃതര്‍.കനിക കപൂര്‍ ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ അഭിപ്രായപ്പെട്ടു.

‘ഒരു താരത്തിന്റെ അഹങ്കാരവും ഗര്‍വ്വും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം’, ആര്‍.കെ ധിമാന്‍ പറഞ്ഞു.

അതേസമയം, കനികയ്ക്കെതിരായ കേസ് ഒഴിവാക്കാൻ നടക്കുന്ന ശ്രമങ്ങളും വിവാദമായി. ലക്നൗ വിമാനത്താവളത്തിൽ കനികയെ പരിശോധിച്ചിരുന്നതായും ഉയർന്ന അളവിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായും നൽകിയ ആദ്യ റിപ്പോർട്ട് ചീഫ് മെഡിക്കൽ ഓഫിസർ തിരുത്തിയെന്നാണു വിവരം. വിമാനത്താവളത്തിൽ കനികയെ പരിശോധിച്ചില്ലെന്നാണ് പുതിയ കത്ത്.