കോളറയേയും എബോളയേയും അങ്ങോട്ടുചെന്നു പിടിച്ചുകെട്ടിയവർ; ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള രാജ്യം,: ലോകം ക്യൂബയെ വിശ്വസിക്കാനുള്ള കാരണങ്ങളിതാണ്

single-img
23 March 2020

കൊറോണ വെെറസ് ബാധ ഇറ്റലിയെ പിടിച്ചുകുലുക്കിക്കഴിഞ്ഞു. ആയിരക്കണക്കിനു മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇറ്റലിയിൽ നടന്നത്. കൊറോണ ബാധയിൽ നിന്നും ഇറ്റലിയെ കെെപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം ക്യൂബൻ മെഡിക്കൽ സംഘം ഇറ്റലിയിലെത്തിയതും വാർത്താപ്രാധാന്യം നേടിയിരുന്നു. സമൂഹമാധ്യമങ്ങൾ ആഘോഷത്തോടെയാണ് ക്യൂബയെ ഇറ്റലിയിലേക്ക് സ്വാഗതം ചെയ്തത്. 

സത്യത്തിൽ എന്താണ് ക്യൂബയുടെ പ്രത്യേകത? ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ള രാജ്യങ്ങളിലൊന്നാണ് ക്യൂബ. 1959ലെ വിപ്ലവത്തിന് ശേഷം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് ക്യൂബ ആരോഗ്യ പ്രവര്‍ത്തകരെ അയക്കാറുണ്ട്. 155പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നാണ് ക്യൂബയിലെ ഡോക്ടര്‍-പേഷ്യന്റ് അനുപാതം. 

2010ല്‍ ഹെയ്തിയില്‍ കോളറ ബാധിച്ചപ്പോഴും പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധിച്ചപ്പോഴും അതിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്നത് ക്യൂബയായിരുന്നു. ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഇറ്റലിയിലേക്ക് സോഷ്യലിസ്റ്റ് രാജ്യമായ ക്യൂബ ആദ്യമായാണ് മെഡിക്കല്‍ സംഘത്തെ അയക്കുന്നത്.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കരീബിയന്‍ രാജ്യങ്ങളൊന്നും അടുപ്പിക്കാതിരുന്ന ബ്രിട്ടിഷ് കപ്പലിന് ക്യൂബയില്‍ പ്രവേശനം അനുവദിച്ചിരുന്നു. അമേരിക്കയ്‌ക്കൊപ്പം ശത്രുപക്ഷത്തായിരുന്ന ബ്രിട്ടന്റെ കപ്പലിന് രാജ്യത്ത് അടുപ്പിക്കാന്‍ അനുമതി നല്‍കിയ ക്യൂബയുടെ നടപടി വലിയ പ്രശംസ നേടിയിരുന്നു. 

വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടിലും കൊറോണ വൈറസിനെതിരായ പ്രതിരോധം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്യൂബ. നിലവില്‍ 25കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അതിര്‍ത്തികള്‍ അടയ്ക്കുകയാണ്.  മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ഓരോ വീടുകളും കയറിയിറങ്ങിയാണ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതെന്നുള്ളതും പ്രത്യേകതയാണ്.