‘കുടിയന്മാരും സൂക്ഷിക്കണം’; സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും; മൂന്നു ജില്ലകളിൽ ഭാഗിക നിയന്ത്രണം

single-img
23 March 2020

തിരുവനന്തപുരം: കൊവിഡ്​ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്​ഥാനത്തെ ബാറുകൾ അടച്ചിടാൻ തീരുമാനം. എന്നാൽ ബിവറേജ്​ ഔട്ട്​ലെറ്റുകൾ തുറന്നുപ്രവർത്തിക്കും. കാസർകോട്​ ജില്ലയിൽ ബിവറേജസ്​ ഔട്ട്​ ലെറ്റുകളും അടച്ചിടുന്നതിനാണ് തീരുമാനം. കാസർകോട് ജില്ല പൂർണമായും അടച്ചിടും. ഇന്നുചേർന്ന മന്ത്രിസഭ ഉന്നതതല യോഗത്തിലാണ്​ തീരുമാനം

മറ്റു കോവിഡ് ബാധിത ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരുന്നതിനാണ് തീരുമാനം. യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. പൂർണമായും ജില്ലകൾ അടച്ചിടണമെന്ന് സർക്കാരിന് നിർദേശം ലഭിച്ചിരുന്നെങ്കിലും മന്ത്രിമാരുമായി നടത്തിയ ചർച്ചയിലും ഉന്നത തല യോഗത്തിലും അതു വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. മൂന്നു ജില്ലകളില്‍ ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.

കൊറോണ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കാസര്‍കോട് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിന് കാസര്‍കോട്ട് നിയന്ത്രണമുണ്ടാകും.മുഖ്യമന്ത്രിയും തലസ്ഥാനത്തുണ്ടായിരുന്ന മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉച്ചയോടെ നടക്കുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും