ഉയർന്നു പൊങ്ങാതെ വിമാനങ്ങൾ : പ്രവാസികളായ ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ കണ്ണീരുമായി വീട്ടുകാർ കാത്തിരിപ്പിൽ

single-img
23 March 2020

ദുബായ് : ലോകരാജ്യങ്ങളിൽ കൊറോണ പിടി മുറക്കിയതോടെ രാജ്യാതിർത്തികൾ അടച്ച് സുരക്ഷ ഒരുക്കുകയാണ് രാജ്യങ്ങൾ. കപ്പലുകൾ കരയിലടുപ്പിക്കാതെ കടലിൽ തന്നെ നങ്കൂരമിട്ടിരിക്കുന്ന. പറന്നു പൊങ്ങാതെ വിമാനങ്ങൾ വിശ്രമുക്കുന്നു. രാജ്യാതിർത്തികൾ അടച്ചതോടെ ഇന്ത്യയിലേക്കുള്ള യാത്രാമാർഗങ്ങളും അടഞ്ഞിരിക്കുകയാണ്. ഇതോടെ പിറന്ന മണ്ണിലെ അന്ത്യനിദ്രയ്ക്കായി സമയം കാത്തുകിടക്കുകയാണ് പ്രവാസികളുടെ ഭൗതിക ശരീരങ്ങൾ. ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ കണ്ണീരുമായി നാട്ടിൽ വീട്ടുകാരും കാത്തിരിപ്പാണ്.

കൊറോണ വ്യാപനംകാരണം യു.എ.ഇ.യിലെ വിവിധ ആശുപത്രികളിലെ മോർച്ചറികളിലായി നിരവധി മൃതദേഹങ്ങളാണുള്ളത്. കൊറോണവ്യാപനം തടയുന്നതിനായി എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളുടെ വരവും ഞായറാഴ്ച മുതൽ ഇന്ത്യ വിലക്കിയിരിക്കുകയാണ്. ഇതിനുമുമ്പുതന്നെ ഒട്ടേറെ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവിധ ഗൾഫ് നാടുകളിലായി നിരവധി മൃതദേഹങ്ങൾ യാത്രാസമയം പ്രതീക്ഷിച്ച് സൂക്ഷിച്ചിരിക്കുന്നത്. യു.എ.ഇ.യിൽ നിന്ന് മാത്രം ഓരോ ദിവസവും ശരാശരി അഞ്ച് മൃതദേഹങ്ങളായിരുന്നു നിത്യവും ഇന്ത്യൻ നഗരങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്.

ഇതിൽ ശരാശരി രണ്ടെണ്ണം കേരളത്തിലേക്കായിരുന്നു. സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെല്ലാം ഇത്തരം പ്രശ്നം ഉടലെടുത്തിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കുള്ള യാത്ര മുടങ്ങിയ മനുഷ്യരുടെ പ്രശ്നങ്ങൾപോലെ തന്നെയോ ചിലപ്പോൾ അതിലേറെയോ ഗൗരവമുള്ളതാണ് ഇവിടങ്ങളിളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധിക്കാതിരിക്കുക എന്നത്. കഴിഞ്ഞ ബുധനാഴ്ച മുതൽ മരിച്ചവരുടെ ഭൗതികശരീരങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.

സാധാരണഗതിയിൽ ആശുപത്രികളിൽ വെച്ചുണ്ടാവുന്ന സ്വാഭാവിക മരണങ്ങളാണെങ്കിൽ അതത് ദിവസമോ അടുത്ത ദിവസമോ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാറുണ്ട്. എന്നാൽ അസ്വാഭാവിക മരണങ്ങളോ അപകടങ്ങളോ ആണെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം കൂടും. കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ സാധാരണ മരണങ്ങളിൽപ്പോലും സങ്കീർണമായത്. അതേസമയം മരിച്ചവരുടെ ഉറ്റവരും സുഹൃത്തുക്കളും നാട്ടിൽ കണ്ണീരുമായി കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി.

നിലവിൽ ഏഴ് ഇന്ത്യക്കാരുടെയും ഒരു നേപ്പാളിയുടേയും മൃതദേഹങ്ങൾ ദുബായ്, ഷാർജ എന്നിവടങ്ങളിലെ വിവിധ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. മലയാളികൾ (നാല്), തമിഴർ (രണ്ട്), നേപ്പാളി (ഒന്ന്), ബംഗാളി (ഒന്ന്) എന്നിങ്ങനെയാണ് മൃതദേഹങ്ങളുള്ളത്. ഇന്ത്യക്കാരുടെ കൂടാതെ ഫിലിപ്പീൻസ്, ചൈന, പാക്കിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരുടേയും നിരവധി മൃതദേഹങ്ങൾ കൊണ്ടുപോകാനാവാതെ മോർച്ചറികളിലാണ്.

അതേ സമയം ഡല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ച മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നടപടി കേന്ദ്രം റദ്ദാക്കി. കൊറോണ വ്യാപനം ഫലപ്രദമായി തടയുന്നതിനായി അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കൊപ്പമാണ് വിമാനം ഉള്‍പ്പെടെയുള്ള ഗതാഗതസര്‍വീസിന് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ ഉത്തരവ് റദ്ദാക്കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അരുണ്‍ കുമാര്‍ അറിയിച്ചു. വിമാനത്താവളം അടച്ചിട്ടില്ലെന്നും വിമാനസര്‍വീസുകള്‍ തുടരുമെന്നും അറിയിപ്പിലുണ്ട്. വ്യോമഗതാഗതം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം നടപ്പാകില്ല.