കൊവിഡ് 19; സംസ്ഥാനം പരിപൂർണമായി അടച്ചിടണം, ജനങ്ങളുടെ സഹകരണം ആശങ്കപ്പെടുത്തുന്നതാണ്

single-img
23 March 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി അവശ്യ സേവനങ്ങൾ ഒഴികെയുള്ളവ പരിപൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർ​ഗീസ് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയെങ്കിലും ഈ നടപടി തുടരണം. രോഗ ലക്ഷണമുള്ള എല്ലാവരിലും ആരോഗ്യപ്രവർത്തകർക്കും കൂടാതെ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെടുന്ന ആൾകാരിലും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൂടാതെ രോ​ഗികൾ സഹകരിക്കാത്ത അവസ്ഥ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ ആശുപത്രികളിലും ഒരു പൊലീസ് എയ്ഡ് പോസ്റ്റുകൾ അനുവദിക്കണമെന്നും ആശുപത്രി പരിസരം സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച് ചികിത്സ സൗകര്യം ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഡോ. എബ്രഹാം വർ​ഗീസ് ആവശ്യപ്പെട്ടു. സംസ്ഥാനം പരിപൂർണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുൻപുതന്നെ എല്ലാവർക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ മുൻകരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാൻ സർക്കാർ മുൻകൈ എടുക്കുകയും ചെയ്യണം.സമൂഹവ്യാപനം തടയാൻ സർക്കാർ സ്വീകരിക്കുന്ന സർക്കാർ നിലപാട് അഭിനന്ദനാർഹമാണ്. എന്നാൽ ജനങ്ങളുടെ സഹകരണം വളരെ ആശങ്കപ്പെടുത്തുകയാണെന്നും അഭിപ്രായമുയർന്നു.

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ ഉണ്ടായപ്പോൾതന്നെ ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോവി‍ഡ് കൺട്രോൾ സെൽ ( സിസിസി) രൂപീകരിച്ച് സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും പിൻതുണ നൽകിയിരുന്നു. ഇത് കൂടാതെ 33,000 ഐഎംഎ അം​ഗങ്ങൾക്ക് കൊവിഡ് പ്രതിരോധ ഗൈഡ്‌ലൈനുകളും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ സമൂഹ വ്യാപനം ഉണ്ടാകുന്ന സ്ഥിതി ഉണ്ടായാൽ അതിനെ നേരിടാൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഐഎംഎ ഉറപ്പാക്കിയിട്ടുണ്ട്.