കൊറോണയെ ചെറുക്കാന്‍ യൂത്ത് ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാഗമാകാം; ക്ഷണവുമായി യുവജന കമ്മീഷന്‍

single-img
23 March 2020

കേരളത്തിൽ കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്കരുത്ത് പകരാനായി കേരളത്തിലെ സന്നദ്ധരായ മുഴുവന്‍ യുവജനങ്ങളെയും യൂത്ത് ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാഗമാകാന്‍ ക്ഷണിച്ചുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷന്‍. ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ പിന്തുണ നല്‍കാനാണ് സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും കേരള സംസ്ഥാന യുവജന കമ്മീഷന് നിലവിലുള്ള യൂത്ത് ഡിഫന്‍സ് ഫോഴ്‌സ് വിപുലീകരിച്ചുകൊണ്ടാണ് സമഗ്രമായ പ്രതിരോധപ്രവര്‍ത്തനം നടപ്പിലാക്കുന്നത്.

സേവനത്തിന് സന്നദ്ധരായ ജനങ്ങള്‍ക്ക് കമ്മീഷന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൊറോണയെ തുടര്‍ന്ന് സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് യുവജനകമ്മീഷന്‍ പുസ്തകങ്ങള്‍ ഉള്‍പെടുന്ന കിറ്റ് എത്തിക്കുകയും, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. സാമൂഹിക ഉത്തരവാദിത്വത്തോട് കൂടി സംസ്ഥാനം അഭിമുഖീകരിക്കുന്ന മഹാമാരിയെ കൂട്ടായ് നേരിടാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്നും യൂത്ത് ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാഗമാകണമെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 8086987262, 92885 59285, 90613 04080.