സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 28 പേർക്ക്

single-img
23 March 2020

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് മാർച്ച് 31വരെയാണ് ലോക്ഡൗൺ നിലവിലുണ്ടാകുക. സംസ്ഥാനത്താകെ ഇന്ന് 28 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 25 പേരും ദുബായിൽ നിന്നും എത്തിയവരാണ്. ഇതോടുകൂടി കോവിഡ് ബാധികരുടെ എണ്ണം 95 ആയി.

കാസർകോട്–19, എറണാകുളം–2, കണ്ണൂർ– 5, പത്തനംതിട്ട– 1, തൃശൂർ– 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. സംസ്ഥാനം അസാധാരണമായ സാഹര്യത്തിലേക്ക് പോകുകയാണ്എന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ ദിവസങ്ങളിൽ അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കുമെന്ന് അറിയിച്ചു. കേരളത്തില്‍ അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്റോറന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല

കറന്‍സികള്‍ അണുവിമുക്തമാക്കാന്‍ റിസര്‍വ് ബാങ്കിന്റെ സഹായം തേടും. എൽപിജി, പെട്രോൾ പമ്പുകൾ എന്നിവ പ്രവര്‍ത്തിക്കും ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിർത്തിവയ്ക്കും. വരും ദിവസങ്ങളിൽ ആളുകൾ വലിയ രീതിയൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ ശാരീരിക അകലം പാലിക്കുക പോലുള്ള നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.