35 രാജ്യങ്ങൾ സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക്: യൂറോപ്പിൽ മരണം താണ്ഡവമാടുന്നു

single-img
23 March 2020

കൊറോണ 35 രാജ്യങ്ങളെ സമ്പൂർണ അടച്ചുപൂട്ടലിലേക്കെത്തിച്ചിരിക്കുകയാണ്. മൊറീഷ്യസിലും കൊളംബിയയിലും ആദ്യ മരണം നടന്നുകഴിഞ്ഞു. റുമാനിയ, ഗാസ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ യുഗാണ്ട എന്നിവിടങ്ങളിലും ഇതാദ്യമായി വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

രോഗബാധിതരുടെ എണ്ണത്തിൽ യൂറോപ്പ് മുന്നിൽ–1.5 ലക്ഷം. ഇറ്റലിയിൽ മാത്രം അരലക്ഷത്തിലേറെ രോഗികൾ. ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണു യഥാർഥ നിലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഇറ്റലിയിലെ നിയന്ത്രണം ഏപ്രിൽ 3 വരെ നീട്ടി. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നും ഇറ്റലിയിലാണ്. ചൈനയിലും ഇറാനിലുമുള്ള ആകെ മരണങ്ങളേക്കാൾ കൂടുതലാണിത്.

ഏഷ്യൻ രാജ്യമായ ഇറാനിലും രോഗബാധിതർ നിയന്ത്രണാതീതമായി ഉയരുന്നു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇറാനെ സഹായിക്കാമെന്ന യുഎസിന്റെ വാഗ്ദാനം വിചിത്രമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  ബ്രിട്ടന്റെ അവസ്ഥ വളരെ മോശമെന്നും ഈ നില തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ ഇറ്റലിയുടെ നിലയിലെത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 

ബ്രിട്ടനിൽ കാര്യങ്ങൾ കൈവിട്ട സാഹചര്യത്തിൽ അവിടേക്കുള്ള അതിർത്തി അടയ്ക്കുമെന്ന് ഫ്രാൻസ്. ജനങ്ങൾ വീടുകളിൽ തന്നെ ഒതുങ്ങുന്നുണ്ടെന്നു നിരീക്ഷിക്കാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും രംഗത്ത്. സ്പെയിനിൽ അടിയന്തരാവസ്ഥ 15 ദിവസംകൂടി നീട്ടി. മരണ സംഖ്യയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

 യുഎസിൽ കലിഫോർണിയ, ന്യൂയോർക്ക്, ഇലിനോയ്, കനക്ടികട്ട് എന്നിവയ്ക്കു പിന്നാലെ ന്യൂജഴ്സിയിലും ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് നടപ്പിൽ വന്നു. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് നിയന്ത്രണം വന്നേക്കുമെന്നു സൂചന. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യയും പരിശോധന നടത്തി. ഫലം നെഗറ്റീവായിരുന്നു. 

ഓസ്ട്രേലിയയിലും കർശന നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  പബ്ബുകളും സിനിമാശാലകളും അടച്ചു.ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോ 2 ആഴ്ചത്തേക്ക് അടച്ചുപൂട്ടി. ബൊളീവിയയിലെ ഇടക്കാല സർക്കാർ മേയ് 3നു നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു.