കൊറോണ ഗൾഫിലെ 17 ലക്ഷം പേരുടെ തൊഴിൽ നഷ്ടപ്പെടുത്തും: രൂപയുടെ മൂല്യം തകരും

single-img
23 March 2020

കോവിഡ്‌ വൈറസ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ ഈ വര്‍ഷം ഗള്‍ഫ്‌, അറബ്‌ രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്‌ടമുണ്ടാകുമെന്ന്‌ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. തൊഴിലില്ലായ്‌മ നിരക്ക്‌ 1.2 ശതമാനം വര്‍ധിക്കുമെന്നും വൈറസ്‌ വ്യാപനത്തെക്കുറിച്ചുള്ള പരിഭ്രാന്തി സമ്പദ്‌ഘടനകളേയും വ്യാപാരങ്ങളേയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കെയാണ്‌ യു.എന്‍. ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്‌റ്റേണ്‍ ഏഷ്യ (ഇഎസ്‌സിഡബ്ല്യുഎ.) പറയുന്നു.

അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന സ്‌ഥാപനങ്ങള്‍ക്കു മാത്രമാണ്‌ പല രാജ്യങ്ങളിലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്‌. അപ്രതീക്ഷിത നടപടികള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നയിക്കുമെന്നും കോവിഡ്‌ വൈറസ്‌ ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതങ്ങള്‍ ഇനിയും കൃത്യമായി കണക്കാക്കാനായിട്ടില്ലെന്നും വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നു. 2008-ല്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന്‌ ഭിന്നമായി കോവിഡ്‌ പ്രതിസന്ധി എല്ലാ മേഖലകളിലും തൊഴിലിനെയാണ്‌ പ്രധാനമായും ബാധിക്കുകയെന്ന്‌ ഇഎസ്‌സിഡബ്ല്യുഎ. എക്‌സിക്യുട്ടീവ്‌ സെക്രട്ടറി റോള ദാസ്‌തി പറഞ്ഞു. 

റീട്ടെയില്‍, വിദ്യാഭ്യാസം, സോഷ്യല്‍ വര്‍ക്ക്‌, കമ്മ്യൂണിക്കേഷന്‍സ്‌ തുടങ്ങിയ സേവന മേഖലകളെ കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സൗദി അറേബ്യ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉംറ വിസയും പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ കോടിക്കണക്കിന്‌ രൂപയുടെ വരുമാനമാണ്‌ നിലച്ചത്‌. ഒപ്പം തൊഴില്‍ സാഹചര്യവും. ഹോട്ടല്‍ മേഖലയുള്‍പ്പെടെ വലിയ പ്രതിസന്ധിയാണ്‌ നേരിടുന്നത്‌. 

കോവിഡ്‌ 19 മൂലം ഗള്‍ഫ്‌ സമ്പദ്‌ഘടനക്ക്‌ പ്രതീക്ഷിച്ചതിലും വലിയ ആഘാതം സംഭവിക്കുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധര്‍ നല്‍കുന്ന മുന്നറിയിപ്പ്‌. അസംസ്‌കൃത എണ്ണയുടെ വില ആഗോള വിപണിയില്‍ കുത്തനെ ഇടിയുന്നത്‌ തുടരുകയാണ്‌. സൗദി അറേബ്യയുടെ ചൈനയിലേക്കുള്ള ക്രൂഡ്‌ ഓയില്‍ കയറ്റുമതി കുറഞ്ഞതുള്‍പ്പെടെ വലിയ പ്രതിസന്ധിയിലാണ്‌ വ്യവസായ രംഗവും അഭിമുഖീകരിക്കുന്നത്. 

അതേ സമയം മലയാളികളടക്കം പ്രവാസി ഇന്ത്യക്കാര്‍ വന്‍തോതിലുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം അനുനിമിഷം തകരുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരളത്തിലേക്ക്‌ തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം കൂടി വരികയാണ്‌. 80 ശതമാനം പ്രവാസി മലയാളികളും ഗള്‍ഫ്‌ രാജ്യങ്ങളിലേക്കാണ്‌ കുടിയേറിയിരിക്കുന്നത്‌. ഇറാനു പിന്നാലെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ രോഗബാധ അനിയന്ത്രിതമായാല്‍ അതിൻ്റെ ഏറ്റവും കനത്ത പ്രഹരത്തിന്‌ ഇരയാകുന്നത് ഇന്ത്യയും കേരളവുമായിരിക്കുമെന്നുള്ളതാണ് യാഥാർത്ഥ്യം.