`ഞങ്ങളുടെ പക്കൽ ആണവായുധമില്ല,വലിയ സൈനിക ശേഷിയില്ല,പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ട്´: മഹാമാരിയിൽ നിന്നും ഇറ്റലിയെ കെെപിടിച്ചുയർത്താൻ കമ്മ്യൂണിസ്റ്റ് ക്യൂബ പറന്നിറങ്ങി

single-img
23 March 2020

കൊവിഡ് പടര്‍ന്നു പിടിച്ച് നാശം വിതച്ച ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ക്യൂബൻ സംഘം എത്തി.  52 ആരോഗ്യപ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് ക്യൂബയില്‍ നിന്നും ഇറ്റലിയിലെത്തിയത്.ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസ് കേസിലും പരിചയമുള്ളവരാണ് ഡോക്ടര്‍മാരില്‍ മിക്കവരും.’

ലോകത്ത് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ തടയുന്നതിനായി കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ നിന്നും പുറപ്പെടുന്ന ആറാമത്തെ ടീമാണിതെന്നും യൂറോപിലേക്കുള്ള ആദ്യത്തെ ടീമാണെന്നും ഒരു ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതിനിടെ മാഹാമാരികളെയും ദുരന്തങ്ങളെയും നേരിടുന്നതില്‍ വിദഗ്ധരായ 144 പേരടങ്ങുന്നവരുടെ സംഘം കൊവിഡിനെ നേരിടുന്നതിനായി ശനിയാഴ്ച ജമൈക്കയിലേക്ക് പോയിട്ടുണ്ട്.

ക്യൂബൻ ആരോഗ്യ രംഗം മികച്ചതാണെന്ന അഭിപ്രായം മുന്നേയുണ്ട്. ഞങ്ങളുടെ പക്കൽ ആണവായുധമില്ല,വലിയ സൈനിക ശേഷിയില്ല,പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ടാകുമെന്ന് മുമ്പ് ഫിദൽ കാസ്ട്രോ പറഞ്ഞിരുന്നു. 

ക്യൂബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന സംഘത്തില്‍ എഴുപത് ശതമാനവും സ്ത്രീകളാണ്. അതേസമയം ഇറ്റലിയില്‍ ഞായറാഴ്ച മാത്രം 631 പേര്‍ മരിച്ചു. ആകെ 5476 പേരാണ് മരിച്ചത്.